Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമുക്തഭടന്മാരുടെ സംഘടനകൾക്കു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കർശന നിയന്ത്രണം

indian-army-parade ഇന്ത്യൻ സൈന്യം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നു.

ന്യൂഡൽഹി∙ രാജ്യത്തെ വിമുക്തഭടന്മാരുടെ സംഘടനകൾക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. ഇതനുസരിച്ചു വിമുക്തഭട സംഘനകൾ പുറമേനിന്നുള്ള ഒരു പിരിവും നടത്താനോ സംഭാവന സ്വീകരിക്കാനോ പാടില്ല, വിദേശത്തെ ഏതെങ്കിലും സർക്കാർ സ്ഥാപനവുമായോ, സംഘടനയുമായോ സംയുക്ത പ്രവർത്തനം നടത്തുന്നതും വിലക്കി.

22 വർഷത്തിനു ശേഷമാണു വിമുക്തഭടസംഘടനകളെ സംബന്ധിച്ചു കേന്ദ്രപ്രതിരോധ മന്ത്രാലയം പുതിയ ഉത്തരവു പുറപ്പെടുവിക്കുന്നത്. പുതിയ ഉത്തരവു പ്രകാരം ഒരു വിമുക്ത ഭട സംഘടനയ്ക്ക് ഒരെറ്റ ബാങ്ക് അക്കൗണ്ടേ പാടുള്ളൂ, ഒരു വിമുക്ത ഭട സംഘടനയും ഒരു വിധത്തിലുള്ള വ്യാപാര പ്രവർത്തനവും നടത്താൻ പാടില്ല. എല്ലാ വിമുക്ത ഭട സംഘടനകളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ചു പ്രതിരോധ മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങുകയും വേണം.

സർക്കാരിനെതിരായോ രാജ്യത്തിനെതിരായോ ദേശീയ സുരക്ഷയ്ക്ക് എതിരായോ ഒരു പ്രവർത്തനവും നടത്തരുത് എന്ന് ഉത്തരവിൽ മുന്നറിയിപ്പു നൽകുന്നു. വിമുക്ത ഭടന്മാരുടെ സംഘടനകൾ അതിൽ അംഗങ്ങളായവരിൽനിന്നു പിരിവു നടത്തുന്നതല്ലാതെ മറ്റാരിൽനിന്നും പണം സ്വീകരിക്കരുത്, പിരിവും നടത്തരുത്.

ചില സംഘടനകൾക്കു വിദേശത്തുനിന്നു ധനസഹായം ലഭിക്കുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള വിദേശ സഹായവും ഈ സംഘടനകൾ വാങ്ങാൻ പാടില്ല. ഏതെങ്കിലും വിദേശ സ്ഥാപനവുമായോ സംഘടനയുമായോ പണം സംബന്ധിച്ച് അല്ലാതെ എന്തെങ്കിലും വിവരം കൈമാറാൻ വേണ്ടിയാണെങ്കിൽക്കൂടി കേന്ദ്രസർക്കാർ മുഖേന മാത്രമേ ബന്ധപ്പെടാവൂ.

വിമുക്ത ഭട സംഘടനകൾ ഒരു വിധത്തിലള്ള മതപരമോ സാമുദായികമോ പ്രാദേശികമോ ഭാഷാ പരമോ ആയ വിവേചനം കാണിക്കാൻ പാടില്ല. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ചായ്‌വുകൾ പ്രകടിപ്പിക്കരുത്.

രാജ്യത്ത് 25 ലക്ഷം വിമുക്ത ഭടന്മാരാണ് ഇപ്പോഴുള്ളത്. 60,000 വിമുക്തഭടന്മാരുടെ വിധവകളുമുണ്ട്. ഇവരെല്ലാം തന്നെ ഒന്നോ അതിലധികമോ സംഘടനകളിൽ അംഗങ്ങളാണ്. പല വിമുക്ത ഭട സംഘടനകളും അടുത്ത കാലത്തായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. ∙.