കണ്ണമ്മൂല സുനിൽബാബു വധം: എട്ടു പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം∙ കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ (27) വെട്ടി കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. കേസിലെ ഒന്നു മുതൽ നാലു വരെ പ്രതികൾക്കു രണ്ടു ലക്ഷം രൂപ വീതം പിഴയും അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. എന്നാൽ അഞ്ചു മുതൽ എട്ടു വരെ പ്രതികൾക്കു ഗുഢാലോചന നടത്തിയതിനുള്ള ശിക്ഷ മാത്രമാണു നൽകിയത്. പ്രതികൾ നൽകാനുള്ള പിഴ തുകയായ എട്ടു ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം സുനിൽ ബാബുവിന്റെ ആശ്രിതർക്കു നൽകാനും കോടതി നിർദേശിച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു.

കണ്ണമ്മൂല പുത്തൻപാലം തോട്ടുവരമ്പിൽ രാജൻ എന്ന സിജിത്ത് (32), കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ഗബ്രി അരുൺ എന്ന അരുൺ (26), കിച്ച വിനീത് എന്ന വിനീത് (26), തോട്ടുവരമ്പു വീട്ടിൽ മാലി അനീഷ് എന്ന അനീഷ് (26) എന്നിവർക്കു കൊലപാതക കുറ്റത്തിനു ജീവപര്യന്തം കഠിന തടവും ദേഹോപദ്രവം ഏൽപ്പിച്ചതിനു 10 വർഷം കഠിന തടവും അന്യായ തടസം ചെയ്തതിന് ഒരു മാസം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

കേസിലെ അഞ്ചു മുതൽ എട്ടു വരെ പ്രതികളായ ചെന്നിലോടു കുന്നുംപുറത്തു വീട്ടിൽ കാരി ബിനു എന്ന ബിനു രാജ് (39), പുത്തൻപാലം തോട്ടുവരമ്പിൽ വീട്ടിൽ കള്ളൻ സജു എന്ന സജു (38), ചെന്നിലോടു കല്ലറ വീട്ടിൽ പോറി സജി എന്ന സജി(38), പുത്തൻപാലം കുളവരമ്പു വീട്ടിൽ കൊപ്ര സുരേഷ് എന്ന സുരേഷ് (38) എന്നിവർക്കു ഗൂഡാലോചന നടത്തിയതിനു ജീവപര്യന്തം കഠിന തടവു വിധിച്ചു.

കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരനാണു കൊല്ലപ്പെട്ട സുനിൽ ബാബു. ശിക്ഷിച്ച എട്ടു പ്രതികളും കുറ്റക്കാരെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നു മുതൽ നാലുവരെ പ്രതികൾ ജാമ്യം ലഭിക്കാത്തതു കാരണം ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. പ്രതികൾക്കു തൂക്കുകയർ നൽകണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ വാദിച്ചു. എന്നാൽ പ്രതികൾക്കു സംശയത്തിന്റെ ആനുകൂല്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണയിൽ എടുത്തു. കേസ് വിചാരണയിൽ സാഹചര്യ തെളിവുകൾ മാത്രമാണു പ്രോസിക്യൂഷൻ ആശ്രയിച്ചത്.

2015 ഡിസംബർ 13നായിരുന്നു സംഭവം. കൊല്ലപ്പെട്ട സുനിൽബാബു കണ്ണമ്മൂലയിലെ സിഐടിയു തൊഴിലാളിയായിരുന്നു. ബൈക്കുകളിലും ക്വാളിസ് കാറിലുമായി സംഘം ചേർന്നെത്തിയ പ്രതികൾ രാത്രി ഏഴരയോടെ സുനിൽ ബാബുവിനെ ആക്രമിക്കുകയായിരുന്നു. പ്രതികൾ വാളുകൊണ്ടു വെട്ടിയതു തടഞ്ഞ സുനിൽ ബാബുവിന്റെ ചെറുവിരൽ മുറിഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുനിൽ ബാബുവിനെ ഒന്നു മുതൽ നാലുവരെ പ്രതികൾ പിന്തുടർന്നു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ പേട്ട പൊലീസ് പരുക്കേറ്റ സുനിൽ ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്നു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല എന്നാണു പൊലീസ് കേസ്. 15നു സുനിൽ മരിച്ചു.

ബിനുവിനും സജുവിനും സുനിലിനോടു വിരോധം ഉള്ളതായി സുനിലിന്റെ അച്ഛൻ കോടതിയിൽ മൊഴി നൽകി. കൊലയ്ക്കു ശേഷം മൂകാംബികയിലേക്കു കടക്കാൻ ശ്രമിച്ച പ്രതികളെ മെഡിക്കൽ കോളജ് സിഐ ആയിരുന്ന ഷീൻ തറയിലും സംഘവുമാണു പിടികൂടി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. ഗബ്രി അരുണും കിച്ച വിനീതും കൃത്യം നടത്തുന്ന സമയം ധരിച്ചിരുന്ന വസ്ത്രങ്ങളിൽ കണ്ട രക്തം സുനിൽ ബാബുവിന്റേതെന്നു ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതു നിർണായക തെളിവായി.

സംഭവത്തിനു പ്രതികൾ ഫോണിലൂടെ ഗുഡാലോചന നടത്തിയതിനു തെളിവായി പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളും 114 രേഖകളും 31 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 50 സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. ഇതിൽ 11 പ്രധാന സാക്ഷികൾ പ്രതികൾക്ക് അനുകൂലമായി കൂറുമാറി.