Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 രൂപയ്ക്ക് മീൻകറി ഊണ്; കാരുണ്യം ഊട്ടിയ ജനകീയ അടുക്കള സൂപ്പർഹിറ്റ്

RICE-MEALS പ്രതീകാത്മക ചിത്രം.

ആലപ്പുഴ ∙ ഒരാളുടെ വിശപ്പു മാറ്റാൻ എത്ര രൂപ വേണം? മണ്ണഞ്ചേരിയിലെ ജനകീയ അടുക്കളയിൽ അന്വേഷിച്ചാൽ പറയും 20 രൂപ മതിയെന്ന്. കിടപ്പു രോഗികളും ആരോരുമില്ലാത്തവരും ഉൾപ്പെടെ 400 പേർക്കു സൗജന്യ നിരക്കിൽ ഉച്ചയൂണ് എത്തിക്കുന്ന ഈ ഭക്ഷണശാല സൂപ്പർഹിറ്റാണ്, കേരളത്തിനു മാതൃകയും.

വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായി സിപിഎം നേതൃത്വത്തിലുള്ള പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കള കഴിഞ്ഞ ഡിസംബറിലാണു തുടങ്ങിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ കടമുണ്ടെങ്കിലും ഭക്ഷണ വിതരണത്തിൽ മുടക്കമില്ലാതെ നാലു മാസം പൂർത്തിയാക്കിയ സന്തോഷത്തിലാണു സംഘാടകർ.

പാചകക്കാരും വീടുകളിൽ ഭക്ഷണമെത്തിക്കുന്ന ഡ്രൈവർമാരും ഉൾപ്പെടെ എട്ടു ജീവനക്കാരുമായാണു പ്രവർത്തനം. രണ്ടു നേരത്തെ ഭക്ഷണം ചൂടാറാത്ത പാത്രത്തിലാക്കി ഉച്ചയ്ക്കു മുൻപു വീട്ടിലെത്തിക്കും. രാവിലെ ആറു മണിക്കു മുൻപു ജോലി തുടങ്ങും. പത്തോടെ ഭക്ഷണം തയാറാകും. പതിനൊന്നോടെ ആദ്യ ഭക്ഷണവണ്ടി പുറപ്പെടും. ഒൻപതു മേഖലകളിൽ എത്തിക്കുന്ന ഭക്ഷണം സന്നദ്ധ പ്രവർത്തകർ വീടുകളിലേക്കു കൈമാറും. ഇതിനായി നൂറ്റിഅൻപതോളം പേരുണ്ട്.

തലേദിവസത്തെ ഭക്ഷണ പാത്രങ്ങൾ തിരികെയെത്തിക്കുന്നതും ഇവരാണ്. രാവിലെ എത്തുന്നവർക്കു  തലേന്നത്തെ ഭക്ഷണം പഴങ്കഞ്ഞിയായി നൽകും. ഉച്ചയ്ക്കാണെങ്കിൽ ഊണു നൽകും. ആഴ്ചയിൽ ഒരോ ദിവസം ഇറച്ചിയും മീനും നൽകിയിരുന്നതു പരിഷ്കരിച്ചു. രണ്ടു ദിവസം മീനും ഒരു ദിവസം ഇറച്ചിയും വെള്ളിയാഴ്ചകളിൽ വെജിറ്റബിൾ  ബിരിയാണിയുമാണു കൊടുക്കുന്നത്.

കുതിക്കുന്ന ചെലവ്, ആശ്രയം സംഭാവന

ഡിസംബറിൽ 3.13 ലക്ഷം രൂപയായിരുന്നു ചെലവ്. 3.45 ലക്ഷം, 3.29 ലക്ഷം, 3.10 ലക്ഷം എന്നിങ്ങനെയാണു തുടർമാസങ്ങളിലെ ചെലവ്. ആകെ 12.98 ലക്ഷം രൂപ. ഇവ കണക്കാക്കിയാൽ ഒരു ഊണിന് ശരാശരി ചെലവ് 27 രൂപ വരും. പക്ഷേ, സ്പോൺസർമാരിൽ നിന്ന് 20 രൂപയേ വാങ്ങുന്നുള്ളൂ. വാർഡ് തലത്തിൽ ധനസമാഹരണം നടത്തിയപ്പോൾ ലഭിച്ച 1.72 ലക്ഷം, ജനകീയ അടുക്കളയിലെ സംഭാവന 40,000, പാലിയേറ്റീവ് സംഘടനകളില്‍ നിന്നു ലഭിച്ച 42,000, പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവന മൂന്നു ലക്ഷം രൂപയ‍ുമാണു പ്രധാന വരുമാനം.

Janakeeya-Adukkala ജനകീയ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നവർ. ചിത്രം: മനോരമ

ഒരു ലക്ഷം രൂപയുടെ അരി സ്പോൺസർഷിപ്പിലൂടെ കിട്ടി. മലബാര്‍ ചാരിറ്റി ട്രസ്റ്റില്‍ നിന്നു മാസംതോറും 50000 രൂപയുടെ പലവ്യഞ്ജനങ്ങൾ നൽകുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിലൂടെ 51000 രൂപ ലഭിച്ചു. സ്പോൺസർഷിപ്പിലൂടെ ആകെ കിട്ടിയത് 9.05 ലക്ഷം രൂപ. ഭക്ഷണം എത്തിച്ചു ലഭിച്ച 2.18 ലക്ഷം രൂപയും ജനകീയ അടുക്കളയിലെ വിറ്റുവരുമാനം 40000 രൂപയും കൂട്ടി ആകെ വരുമാനം  11.63 ലക്ഷം രൂപ. നഷ്ടം 1.18 ലക്ഷം.

അടുത്ത നാലു മാസത്തിനുള്ളിൽ ഊണിന് 20 രൂപ, പ്രഭാത ഭക്ഷണത്തിനും കഞ്ഞിക്കും 10 രൂപയും വിലയിട്ട് രണ്ടു കടകൾ കൂടി തുറക്കും. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലായി 200 അഗതികൾക്കും കിടപ്പുരോഗികൾക്കും കൂടി ഭക്ഷണം നൽകാനും പദ്ധതിയുണ്ട്.

ജനകീയ അടുക്കളയുടെ പുതിയ മെനു

ഞായർ: സാമ്പാർ, വൻപയർ എരിശ്ശേരി, അച്ചാർ

തിങ്കൾ: ഇറച്ചി, പച്ചയ് ക്കാതോരൻ, അച്ചാർ

ചൊവ്വ: തീയൽ, മാങ്ങാ ചമ്മന്തി, അച്ചാർ

ബുധൻ: മാങ്ങാക്കറി, ചെമ്മീൻ ചമ്മന്തി, അച്ചാർ

വ്യാഴം: മീൻകറി, വെണ്ടയ്ക്ക‌/ കോവയ്ക്ക മെഴുക്കുപെരട്ടി, അച്ചാർ

വെള്ളി: വെജിറ്റബിൾ ഫ്രൈഡ് റൈസ്, അച്ചാർ, സാലഡ്

ശനി: ചെമ്മീൻകറി, ചുരയ്ക്ക/ചെറുപയർ തോരൻ, അച്ചാർ.