ആശുപത്രിയിലേക്ക് ഇല്ലെന്ന് ഓട്ടോക്കാരൻ; ചികിത്സ വൈകി പിഞ്ചുകുഞ്ഞ് മരിച്ചു

Representational image

കണ്ണൂര്‍∙ അത്യാസന്ന നിലയിലുള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷാ ‍ഡ്രൈവർ വിസമ്മതിച്ചു. തുടർന്നു ബൈക്കിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതിനെ തുടർന്നു കുട്ടി മരിച്ചു. തോട്ടട സമാജ്‍വാദി കോളനിയിലെ വിപിന–സുനിൽ ദമ്പതികളുടെ രണ്ടു മാസമുള്ള പെൺകുഞ്ഞാണു രാവിലെ ഒൻപതരയോടെ ജില്ലാ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിനു പിന്നാലെ ഓട്ടോക്കാരും കോളനി നിവാസികളുമായി സംഘർഷമുണ്ടായി.

കുഞ്ഞിനു ബോധക്ഷയമുണ്ടായതിനെ തുടർന്നു ബന്ധുക്കൾ സമീപത്തെ ഇഎസ്ഐ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. നില ഗുരുതരമായതിനാൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ അവിടത്തെ ഡോക്ടർ നിർദേശിച്ചു. റോഡിലിറങ്ങി ഓട്ടോ കൈകാണിച്ചു നിർത്തി. പക്ഷേ ഓട്ടം പോകാൻ ഡ്രൈവർ വിസമ്മതിച്ചു. ഓട്ടോഡ്രൈവറും കോളനിവാസികളും തമ്മിൽ ഇതിന്റെ പേരിൽ തർക്കമുണ്ടായി. അതിനിടെ സമീപവാസിയുടെ ബൈക്കിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനു പിന്നാലെ ഏതാനും ഓട്ടോഡ്രൈവർമാർ കോളനിയിലെത്തിയും ബഹളമുണ്ടാക്കി.