കായംകുളത്ത് റെയിൽ പാളത്തിനു മുകളിൽ കല്ല്; അട്ടിമറി ശ്രമമല്ലെന്ന് ആര്‍പിഎഫ്

പാളത്തിൽ കല്ലു വച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ച ഭാഗം ആർപിഎഫ് പരിശോധിക്കുന്നു.

കായംകുളം ∙ പാളത്തിൽ കല്ലു വച്ച് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ വീണ്ടും ശ്രമം. വേഗത കുറച്ചു വന്ന ട്രെയിൻ കല്ല് ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു നീങ്ങിയതിനാൽ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ പത്തോടെ ആലപ്പുഴ പത്തിയൂർ ഏനാകുളങ്ങര ലെവൽക്രോസിനു സമീപമാണു പാളത്തിൽ നിന്നു കല്ല് കണ്ടെത്തിയത്. കൊല്ലം –ആലപ്പുഴ മെമു ട്രെയിൻ കടന്നു വരുമ്പോൾ ലോക്കോ പൈലറ്റ് പാളത്തിൽ കല്ല് ഇരിക്കുന്നതായി ദൂരെ നിന്നും കണ്ടതിനെ തുടർന്ന് വേഗത കുറയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കല്ലു ചിതറിത്തെറിച്ചെങ്കിലും മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല. കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫ് കൊല്ലം സിഐ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമെത്തി പരിശോധന നടത്തി. മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നു ബോധ്യപ്പെട്ടതിനു ശേഷമാണു പിന്നീട് ഇതുവഴി ട്രെയിനുകൾ കടത്തിവിട്ടത്. 

സമീപ ലെവൽക്രോസിലെ ഗേറ്റ്കീപ്പർ, പരിസരവാസികൾ എന്നിവരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവം അട്ടിമറിയല്ലെന്ന് സിഐ രാജേഷ് പറഞ്ഞു. കഴിഞ്ഞ മാസം 24ന് കാക്കനാട് വലിയതറ ലെവൽക്രോസിന് സമീപം നിർത്തിയിട്ടിരുന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്ഷൻ വാഗണിന്റെ പൂട്ടു കുത്തിത്തുറന്ന് എട്ട് കിലോയോളം തൂക്കം വരുന്ന ചെമ്പു കേബിളുകളും സാധാരണ കേബിളുകളും ഫൈബർ ഹാന്‍ഡിലുകളും പാളത്തിൽ നിരത്തിയിരുന്നു.

കൂടാതെ കഴിഞ്ഞ മാസം 31നും റെയിൽവേ സ്റ്റേഷനു സമീപം കെപി റോഡിലെ റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള സിഗ്നലിനോട് ചേർന്നുളള ട്രാക്കില്‍ 80 കിലോയോളം തൂക്കവും ഒരുമീറ്റർ നീളവുമുളള പഴയ പാളം കുറുകെ വെച്ച രീതിയിലും കണ്ടെത്തിയിരുന്നു. ആദ്യ സംഭവുമായി ബന്ധപ്പെട്ടു മൂന്ന് മോഷ്ടാക്കളെ കഴിഞ്ഞ 16ന് പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു മാസം മുൻപ് 50 കിലോയ്ക്ക് മുകളിൽ ഭാരം വരുന്ന പഴയ സിഗ്നൽ ബോക്‌സ് ചേരാവളളി ലെവൽക്രോസിന് സമീപം ട്രാക്കിൽ വെച്ചും അട്ടിമറിക്കൽ ശ്രമം നടത്തിയിരുന്നു.