Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യക്കടത്തിന് കുട്ടിയുടെ പാസ്പോർട്ട് : അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും

liquor-bottles Representative Image

കൊച്ചി∙ യാത്രക്കാരുടെ പാസ്പോർട്ടും മറ്റു രേഖകളും വ്യാജമായി ഉപയോഗിച്ചു വിദേശ മദ്യം പുറത്തു വിറ്റ് ആറു കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ച സംഭവത്തിൽ അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും. തിരുവനന്തപുരം വിമാനത്താവളം വഴി 2017 സെപ്റ്റംബർ– ഡിസംബർ മാസങ്ങളിൽ കടന്നു പോയ സ്ത്രീകളും കുട്ടികളും അടക്കം 13,000 യാത്രക്കാരുടെ  പാസ്പോർട്ട് വിവരങ്ങൾ തട്ടിപ്പിനു വേണ്ടി ഉപയോഗപ്പെടുത്തി. 

തട്ടിപ്പു നടത്തിയ മലേഷ്യൻ കമ്പനിയായ ‘പ്ലസ് മാക്സ്’ ഡ്യൂട്ടിപെയ്ഡ് ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. വിദേശ മദ്യം പുറത്തു വിൽക്കാൻ ആറുവയസുകാരൻ മകന്റെ പാസ്പോർട്ട് വിവരങ്ങൾ ദുരുപയോഗപ്പെടുത്തിയതിനെതിരെ പെരുങ്കുഴി ശാസ്തവട്ടം തോപ്പിൽ നുജുബ് അബ്ദുൽ കരിം പൊലീസിനു പരാതി നൽകിയിരുന്നു. മകന്റെ പേരിൽ 24 കുപ്പി വിദേശമദ്യം വാങ്ങിയതായുള്ള രേഖകൾ കണ്ടു കുടുംബാംഗങ്ങൾ ഞെട്ടിപ്പോയി. മദ്യം ഉപയോഗിക്കാത്ത ഇവരുടെ കുടുംബം വലിയ പ്രതിഷേധത്തോടെയാണു കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു പൊലീസിനു പരാതി നൽകിയത്. 

2017 സെപ്റ്റംബർ ഒൻപതിനാണു പരാതിക്കാരന്റെ കുടുംബം തിരുവനന്തപരം വിമാനതാവളം വഴി യാത്രചെയ്തത്. മദ്യവിൽപനയുമായി ബന്ധപ്പെട്ടു പ്ലസ് മാക്സ് കമ്പനി കസ്റ്റംസിനു കൈമാറിയ കണക്കുകൾ പരിശോധിച്ചപ്പോഴാണ് കമ്മിഷണർ സുമിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പു കണ്ടെത്തി നടപടിയെടുത്തത്. തട്ടിപ്പിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന വിവരങ്ങൾ പുറത്തുവന്നതോടെ കേസിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. അന്വേഷണം സിബിഐക്കു കൈമാറാനും നീക്കമുണ്ട്.