Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരങ്ങൻ ‘തകർത്തത്’ അമ്മപ്പക്ഷിയുടെ സ്വപ്നം; പിന്നെയതു പറന്നു പോയ്, കണ്ണീരോർമകളുമായ്...

Monkey-Attack-2 പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിലെ മരത്തിൽ കൂടു കൂട്ടിയ ദേശാടന പക്ഷിയെ ഭയപ്പെടുത്തിയോടിക്കുന്ന കുരങ്ങൻ. ചിത്രം: നിഖിൽരാജ്

പത്തനംതിട്ട∙ നഗരക്കാഴ്ചകൾക്കു വശ്യസൗന്ദര്യമേകി മിനി സിവിൽസ്റ്റേഷനു മുന്നിലെ മരത്തിൽ കൂടുകൂട്ടിയ ദേശാടന പക്ഷികളോട് എവിടെ നിന്നോ എത്തിയ കുരങ്ങുകളുടെ ക്രൂരത. പക്ഷികളുടെ മുട്ടകൾ താഴെയിട്ടു പൊട്ടിച്ചും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ  വലിച്ചെറിഞ്ഞും കാട്ടിയ ‘കാടത്തം’ കണ്ടുനിന്നവരെ സങ്കടത്തിലാക്കി. നഗരത്തിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ കൂ‌ടു കൂട്ടിയിട്ടുളളത് മിനി സിവിൽ സ്റ്റേഷനു മുന്നിലെ മരത്തിലാണ്.  ഇതിന്റെ ഏറ്റവും മുകളിലെ ശാഖയിലാണു കൂടുകൾ. എവിടെ നിന്നോ വന്ന രണ്ടു കുരങ്ങുകൾ ഇതു കണ്ടെത്തി. രാവിലെ മുതൽ വലിയ ശബ്ദം ഉണ്ടാക്കി മരത്തിലൂടെ ചാടി നടന്ന കുരങ്ങന്മാർ ദേശാടന പക്ഷികളെ കണ്ടപ്പോൾ അവയ്ക്കെതിരെ തിരിഞ്ഞു. ശാഖകളില്‍ പിടിച്ചു കുലുക്കി കൂടുകൾ താഴെയിടാൻ നോക്കി.  ഇതു കണ്ടു തള്ളപ്പക്ഷി കൊത്തി ഓടിക്കാൻ നോക്കിയതോടെ കുരങ്ങുകൾക്കു വാശിയായി.

Monkey Attack Pathanamthitta പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിലെ മരത്തിൽ കൂടു കൂട്ടിയ ദേശാടനപ്പക്ഷികൾ. ചിത്രം: നിഖിൽരാജ്

അതിനിടെ സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുരങ്ങിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ എവിടെയോ പോയി ഒളിച്ചു. ആളനക്കം കു‌റഞ്ഞപ്പോൾ വീണ്ടും എത്തി. നല്ല ഉയരമുള്ള മരമായതും താഴെ വാഹനങ്ങൾ പാർക്കു ചെയ്തിട്ടുള്ളതിനാലും കുരങ്ങുകളെ ഓടിക്കാനുള്ള കാണികളുടെ ശ്രമങ്ങൾ തടസ്സപ്പെട്ടു.  കുരങ്ങുകളുടെ മണിക്കൂറുകൾ നീണ്ട പരാക്രമത്തെ ചെറുക്കാൻ പക്ഷികളും പരമാവധി പരിശ്രമിച്ചു, ഒടുവിൽ  തളർന്നു. ഈ തക്കം നോക്കി കുരങ്ങന്മാർ  ശാഖ കുലുക്കി കൂട് ഇളക്കിയിടാൻ വീണ്ടും ശ്രമിച്ചു. വൈകാതെ തന്നെ ശാഖ ഇളകി കൂട്ടിൽ നിന്നു മുട്ട താഴെ വീണു പൊട്ടി. പറക്കമുറ്റാത്ത രണ്ടു  പക്ഷിക്കുഞ്ഞുങ്ങളെ കുരങ്ങന്മാർ ആക്രമിച്ചു കൊന്നു.

Egg Nest ദേശാടന പക്ഷികളുടെ കൂട്ടിലെ മുട്ടകൾ.

സംഭവം അറിഞ്ഞു വനം വകുപ്പിന്റെ കോന്നി സ്ട്രൈക്കിങ് ഫോഴ്സിലെ  എം.നൗഷാദ്, എം.രാജ് കുമാർ, കെ.ബാബു, ആർ. അനിൽ കുമാർ എന്നിവർ എത്തി കുരങ്ങിനെ ഓടിക്കാൻ നോക്കി. എന്നാൽ അപ്പോഴെല്ലാം ഒളിച്ചിരുന്ന കുരങ്ങുകൾ കുറച്ചുകഴിയുമ്പോൾ വീണ്ടും എത്തുകയായിരുന്നു. രക്ഷയില്ലാതെ വന്നപ്പോൾ വെടിയൊച്ച മുഴക്കി ദേശാ‌ടന പക്ഷിയെ തന്നെ ഓടിക്കാൻ തീരുമാനിച്ചു. പ്രത്യേക വെടിയൊച്ച മുഴക്കി കാട്ടാനകളെ  വിരട്ടി ഓടിക്കുന്ന  ഉപകരണവും അതിനായി എത്തിച്ചു. അതിൽ കാർബൈഡ് ഇട്ടു വെള്ളം ഒഴിച്ചു. തീയും വെടിയൊച്ചയും വന്നതോടെ ദേശാടന പക്ഷി പറന്നു പോയി. 

Monkey Attack പക്ഷികൾക്കു നേരെ കുരങ്ങന്റെ അക്രമം. ചിത്രം: നിഖിൽ രാജ്

ശല്യക്കാരായ കുരങ്ങന്മാരെ പിടിക്കാൻ കൂടുവയ്ക്കുമെന്നു വനപാലകർ പറഞ്ഞു. മിനി സിവിൽ സ്റ്റേഷനു സമീപം ആൾത്താമസമില്ലാത്ത വീട്ടിലാണു രണ്ടു ദിവസമായി ഈ കുരങ്ങന്മാരെ കാണുന്നതെന്നു പ്രദേശവാസികൾ പറയുന്നു.

Monkey Attack ദേശാടന പക്ഷികളെ വിരട്ടിയോടിക്കുന്ന കുരങ്ങൻ. ചിത്രം: നിഖിൽ രാജ്
Migrant Bird കുരങ്ങന്റെ ആക്രമണത്തെത്തുടർന്നു പറന്നു മാറിയ പക്ഷികളിലൊന്ന്. ചിത്രം: നിഖിൽരാജ്