കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തിയതിൽ നിർണായകമായ പങ്കുണ്ട് മലയാളി പ്രവാസികൾക്ക്. ആദ്യകാലത്ത് ശ്രീലങ്കയിലും മലേഷ്യയിലും സിംഗപ്പൂരിലും തുടങ്ങി ആഫ്രിക്കയിൽവരെ ചെന്നെത്തി നാട്ടിലേക്കു പണമെത്തിച്ചവരുടെ പിൻഗാമികൾ പിന്നീട് സുവർണഭൂമിയായി കണ്ടെത്തിയത് ഗൾഫ് നാടുകളെയാണ്. ഇന്നു ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾ കേരളത്തിന്റെ സമ്പദ് ഘടനയിലെ നിർണായക ഘടകമാകുമ്പോൾ അതിൽ നല്ലൊരു പങ്ക് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ, പല വിദേശരാജ്യങ്ങളുടെയും തൊഴിൽ നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ പ്രവാസികളുടെ മടക്കത്തിനു കാരണമാകുമ്പോൾ നമുക്കും ആശങ്കപ്പെടാനേറെയാണ്.
പണം പറന്നെത്തുന്നു
വിദേശത്തു ജോലി ചെയ്യുന്നവർ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കണക്ക് ലോകബാങ്ക് കഴിഞ്ഞ ആഴ്ച പുറത്തുവിട്ടു. പട്ടികയിൽ വിദേശ ഇന്ത്യക്കാർ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 68.96 ബില്യൻ യുഎസ് ഡോളറാണ് വിദേശ ഇന്ത്യക്കാർ കഴിഞ്ഞ വർഷം നാട്ടിലേക്ക് അയച്ചത്. 63.86 ബില്യൻ ഡോളർ നാട്ടിലെത്തിച്ച ചൈനയ്ക്കാണു രണ്ടാം സ്ഥാനം. മൊത്തം 613 ബില്യൻ ഡോളറാണ് ഇത്തരത്തിൽ രാജ്യാന്തര വിനിമയം ചെയ്യപ്പെട്ടത്. ഇന്ത്യക്കു ലഭിച്ചത് ഇതിന്റെ പതിനൊന്നു ശതമാനമാണ് (67 ബില്യൻ ഡോളർ). ഇന്ത്യക്കു പിന്നിൽ ചൈന (64 ബില്യൻ ഡോളർ), ഫിലിപ്പീൻസ് (33), മെക്സിക്കോ (31), നൈജീരിയ (22), ഈജിപ്ത് (20), പാക്കിസ്ഥാൻ (20), വിയറ്റ്നാം (14), ബംഗ്ലദേശ് (13), ഇന്തൊനീഷ്യ (9) എന്നിവയാണ്.
രാജ്യത്തിനു ലഭിക്കുന്നതു വലിയൊരു തുക
68.96 ബില്യൻ ഡോളറാണ് (4.48 ലക്ഷം കോടി ഇന്ത്യൻ രൂപ) രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ കഴിഞ്ഞ വർഷമെത്തിയത്. സാമ്പത്തിക വർഷത്തെ റവന്യു വരുമാനത്തിന്റെ 25 ശതമാനമാണിത്. 2014 വരെ വിദേശ ഇന്ത്യക്കാരിൽ നിന്നുള്ള വരുമാനം ഓരോ വർഷവും കൂടി വന്നു. തുടർന്നുള്ള രണ്ടു വർഷം വൻ ഇടിവുണ്ടായി. കഴിഞ്ഞ വർഷം തുകയിൽ വീണ്ടും ഉണർവുണ്ടായി. 2014ലാണ് എറ്റവും കൂടുതൽ തുക ലഭിച്ചത്- 70.39 ബില്യൻ ഡോളർ. എന്നാൽ ഇപ്പോൾ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ, ഇന്ത്യൻ രൂപയിൽ കഴിഞ്ഞ വർഷം ലഭിച്ചതാണ് ഏറ്റവും വലിയ തുക. 2014ൽ ഡോളറിന്റെ ശരാശരി വിനിമയ നിരക്ക് 61 രൂപയായിരുന്നു. ഇപ്പോൾ വിനിമയ നിരക്ക് 65 രൂപയ്ക്കു മുകളിലാണ്.
വിദേശ ഇന്ത്യക്കാർ
പുതിയ കണക്കനുസരിച്ച് 1.64 കോടി ഇന്ത്യക്കാർ വിദേശത്തുണ്ട്; ആകെ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം. എന്നാൽ ഇവർ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. ഇവരുടെ പ്രതിവർഷ സംഭാവന ജിഡിപിയുടെ (മൊത്തം ആഭ്യന്തര ഉൽപാദനം) നാലു ശതമാനമാണ്. തൊഴിൽ അന്വേഷിച്ചു വിദേശത്തു പോകുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവർഷം വർധിച്ചു വരുന്നു. 2010ൽ ഉണ്ടായിരുന്ന 1,13,60,823 വിദേശ ഇന്ത്യക്കാരുടെ എണ്ണം 2017 ൽ 1,64,44,830 ആയി വർധിച്ചു. ഏഴു വർഷം കൊണ്ട് 46 ശതമാനം വളർച്ചാ നിരക്കാണു രേഖപ്പെടുത്തിയത്. രാജ്യാന്തര കുടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യക്കു തന്നെ. മെക്സിക്കോ (12 ദശലക്ഷം), റഷ്യ (11), ചൈന (10), ബംഗ്ലദേശ് (7.8), സിറിയ (7.8), പാക്കിസ്ഥാൻ (6.1), യുക്രെയ്ൻ (6.0), ഫിലിപ്പീൻസ് (6.0), അഫ്ഗാനിസ്ഥാൻ (5.1) എന്നിങ്ങനെയാണ് ആദ്യ പത്തുസ്ഥാനക്കാർ.
കേരളത്തിന്റെ നട്ടെല്ല്
കേരളത്തിന്റെ സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതു വിദേശമലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന തുകയാണ്. 2016ൽ പ്രവാസികളുടെ 63,289 കോടി രൂപ സംസ്ഥാനത്തിനു ലഭിച്ചു. 2014ൽ 71,142 കോടി രൂപയാണ് ലഭിച്ചതെന്നോർക്കണം - ഉണ്ടായത് 11 ശതമാനത്തിന്റെ കുറവ്. കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 15 ശതമാനമാണിത്. കേരളത്തെ ഉപഭോക്തൃ സംസ്ഥാനമായി മാറ്റുന്നതിൽ കുടിയേറ്റത്തിനുള്ള പങ്കു നിഷേധിക്കാനാവാത്തതാണ്. സംസ്ഥാനത്തെ സേവനമേഖലയുടെ കരുത്തും ഈ തുക തന്നെ. എല്ലാ വർഷവും എത്തുന്ന വൻതുക ക്രിയാത്മകമായി ഉപയോഗിക്കാനുള്ള സംവിധാനം കേരളത്തിനുണ്ടോ? സംസ്ഥാനത്തിന്റെ പുരോഗതിക്ക് എത്രമാത്രം ഈ പണം വിനിയോഗിക്കുന്നു? ഇതിനെല്ലാം ശരിയായ മറുപടി അധികാരികളിൽനിന്നു കേരള സമൂഹം പ്രതീക്ഷിക്കുന്നു.
ഈ ദശകത്തിൽ സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലുണ്ടായ വൻതകർച്ചയുടെ പ്രത്യാഘാതങ്ങൾ തടഞ്ഞു നിർത്താൻ കഴിഞ്ഞതു വിദേശത്തു നിന്നുള്ള പണത്തിന്റെ വരവു കൊണ്ടാണ്. രാജ്യത്തെ മറ്റു സംസഥാനങ്ങളിൽനിന്നുള്ളവർ തൊഴിൽതേടി സംസ്ഥാനത്തെത്തുന്നതും ഇവിടേക്കെത്തുന്ന വിദേശ പണത്തിന്റെ ബലത്തിൽത്തന്നെ. കേരളത്തിൽനിന്നു വിദേശത്തേക്കു തൊഴിൽ അന്വേഷിച്ചു പോയ മലയാളികളുടെ എണ്ണത്തിന് ഏകദേശം തുല്യമാണ് തൊഴിൽ അന്വേഷിച്ചു കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ. 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ട്. 17,000 കോടി രൂപ ഇവർ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നു.
കേരളത്തിൽനിന്നു വിദേശത്തേക്കുള്ള കുടിയേറ്റം 1960 മുതൽ വ്യാപകമായതാണ്. ഗൾഫ് രാജ്യങ്ങളിൽ തുടക്കമിട്ട എണ്ണ വിപ്ലവം തുറന്നിട്ട തൊഴിൽ സാധ്യതകൾ അന്വേഷിച്ച് മലയാളികളുടെ ഒഴുക്ക് ഗൾഫ് മേഖലയിലേക്കുണ്ടായി. ഇന്ന് പ്രവാസികളിൽ 89 ശതമാനവും ഗൾഫിലാണു ജോലി ചെയ്യുന്നത്. യുറോപ്പും യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും മലയാളികളുടെ സ്വപ്നഭൂമിയാണ്. പുതിയ കണക്കനുസരിച്ച് 22.46 ലക്ഷം മലയാളികൾ പ്രവാസികളായി വിദേശ രാജ്യങ്ങളിൽ കഴിയുന്നു. യുഎഇയിൽ മാത്രം ഒൻപതു ലക്ഷം മലയാളികളുണ്ട്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ 5.37 ലക്ഷം.
തിരിച്ചു വരവു കൂടുന്നു; പ്രവാസികളുടെ എണ്ണത്തിലും കുറവ്
മധ്യേഷ്യയിലെ സ്വദേശി നയവും ലോകത്തെയാകെ ബാധിച്ച സാമ്പത്തിക അസ്ഥിരതയും മൂലം കേരളത്തിലേക്കു തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തിലും വൻവർധനയുണ്ട്. 2008ലെ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് ഗൾഫ് രാജ്യങ്ങൾ പൂർണമായും മോചിതമായിട്ടില്ല. എണ്ണവിലയിലെ ഇടിവ്, നിർമാണ മേഖലയിലെ മാന്ദ്യം, സ്വദേശിവൽക്കരണം (നിതാഖാത്) എന്നിവയടക്കം പ്രവാസികളെ ബാധിക്കുന്നുണ്ട്. നഴ്സുമാരുടെയും മറ്റും നിയമനങ്ങളിലെ കർശന നിയമങ്ങൾ ഗൾഫിലെ മലയാളികളുടെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നു.
1998 ൽ 7.4 ലക്ഷം പ്രവാസികൾ നാട്ടിൽ തിരിച്ചെത്തി. 2003ൽ 8.9 ലക്ഷം, 2008ൽ 11.6 ലക്ഷം, 2011ൽ 11.5 ലക്ഷം, 2014ൽ 12.5 ലക്ഷം എന്നിങ്ങനെയാണു തിരിച്ചെത്തിയ പ്രവാസികളുടെ കണക്ക്. 2016 ൽ പ്രവാസികളുടെ എണ്ണത്തിൽ രണ്ടുവർഷം മുൻപുള്ളതിൽനിന്ന് 1.54 ലക്ഷം പേരുടെ കുറവുണ്ടായി. 2014ൽ 24 ലക്ഷം പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് 2016 ൽ 22.46 ലക്ഷമായി കുറഞ്ഞു. പുതിയ കണക്കു വരുമ്പോൾ വീണ്ടും കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്. വരുമാനത്തിൽ 7800 കോടി രൂപയുടെ ഇടിവും ഇക്കാലത്തുണ്ടായി.
സെൻസസ്, ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ തുടങ്ങിയവ വിദേശ മലയാളികളെക്കുറിച്ചു നടത്തുന്ന വിവരശേഖരണത്തെ പൂർണമായി ആശ്രയിക്കാനാവില്ല. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് 1998 മുതൽ നടത്തുന്ന കേരള മൈഗ്രേഷൻ സർവേയാണ് മലയാളിപ്രവാസികളെ സംബന്ധിച്ച ആധികാരിക രേഖ. ഈ മേഖലയിൽ കാര്യമായ ഗവേഷണം നടക്കുന്നില്ലെന്നതാണു യാഥാർഥ്യം. അടുത്ത അഞ്ചു വർഷത്തിനിടയിൽ പ്രവാസി ലോകത്തുനിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തിയാൽ മാത്രമേ സംസ്ഥാനത്തിന്റെ പുരോഗതിക്കു ഗതിവേഗം ലഭിക്കുകയുള്ളു. ഗൾഫിനു പകരം പുതിയ കുടിയേറ്റ ഇടങ്ങൾ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.