നികുതി വിഹിതം ഇനി മാസത്തിലൊരിക്കൽ; സംസ്ഥാനം പ്രതിസന്ധിയിൽ

തോമസ് ഐസക്, അരുൺ ജയ്റ്റ്ലി

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍. മാസം തോറും തന്നിരുന്ന നികുതിവിഹിതം മൂന്നുമാസത്തിലൊരിക്കല്‍ നല്‍കിയാല്‍ മതിയെന്നാണു ധനമന്ത്രാലയത്തിന്റെ തീരുമാനം. നീക്കം പുനഃപരിശോധിക്കണമെന്നു ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

പതിനാലാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം ആറുതരത്തിലുള്ള നികുതിവിഹിതമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു നല്‍കേണ്ടത്. മാസം 1400 കോടി രൂപ വരും. എല്ലാമാസവും ഒന്നാം തീയതി ലഭിച്ചിരുന്ന ഈ തുക ചരക്കുസേവന നികുതി നിലവില്‍ വന്നതോടെ കിട്ടുന്നത് 15–ാം തീയതിയായി. ഇതില്‍ ആദായനികുതി, കോര്‍പ്പറേഷന്‍ നികുതി, ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത എക്സൈസ് നികുതി എന്നിവ മൂന്നുമാസത്തില്‍ ഒരിക്കലേ നല്‍കാനാകൂ എന്നാണ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രതിമാസം 500–600 കോടി രൂപയുടെ കുറവാണ് വരുന്നത്. മൂന്നാം മാസം പണം കിട്ടുന്നതുവരെയുള്ള രണ്ടുമാസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നര്‍ഥം.

ചരക്കുസേവന നികുതിയിനത്തിലെ വരുമാനക്കുറവ് പരിഹരിക്കാന്‍ കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരം രണ്ടുമാസത്തിലൊരിക്കലാണു കിട്ടുന്നത്. ഇതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന്. ഇതിനുപിന്നാലെ നികുതിവിഹിതം കൂടി വൈകിപ്പിക്കുന്നത് നിത്യചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ പെടാപ്പാടു പെടുന്ന സംസ്ഥാന സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി.