പാട്ട് മാറ്റുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ ഡിജെ കുത്തിക്കൊന്നു

കൊലപാതക കേസിൽ അറസ്റ്റിലായ ഡിജെ ദീപക്

ന്യൂഡൽഹി∙ പാട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു യുവാവിനെ ഡിജെ (ഡിസ്ക് ജോക്കി) കുത്തിക്കൊന്നു. പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗിലാണു സംഭവം. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെ വിജയ് ദീപ് എന്ന യുവാവ് ഡിജെ ആയ ദീപക് ബിഷ്ടിനോടു പാട്ടു മാറ്റാൻ‌ ആവശ്യപ്പെട്ടു. ഇത് ബിഷ്ട് അംഗീകരിക്കാതിരുന്നതോടെ വാക്കുതർക്കത്തിലേക്കും പിന്നീട് അക്രമത്തിലും കലാശിക്കുകയായിരുന്നു. 

ഇതിനെ തുടർന്നു ജിംനേഷ്യം ജീവനക്കാരൻ കൂടിയായ യുവാവിനെ ഡിജെ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ വിജയ് ദീപ് മരിക്കുകയും ചെയ്തു.

ഇഷ്മിത് എന്ന 20 വയസുകാരന്റെ പിറന്നാൾ ആഘോഷിക്കുന്നതിനാണു വിജയ്ദീപ് ഉൾ‌പ്പെടെ പത്തു സുഹൃത്തുക്കൾ ബാറിലെത്തിയത്. തർക്കമുണ്ടായതോടെ കസേരകളും ബിയർ കുപ്പികളും ഉപയോഗിച്ചു ഡിജെയെയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞു പൊലീസെത്തുമ്പോഴേക്കും ബാർ ജീവനക്കാരുൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടു.

ആക്രമണത്തിൽ ഒരു യുവതിക്കു തലയിൽ ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിജെ പൊലീസ് കസ്റ്റഡിയിലാണ്. സിസിടിവി ദൃശ്യങ്ങളും അക്രമത്തിനുപയോഗിച്ച കത്തിയും പൊലീസ് ശേഖരിച്ചു.