Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

pinarayi-vijayan-speaks മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ കൂടുതല്‍ റേഷന്‍ വിഹിതം ലഭ്യമാക്കാന്‍ നിവേദക സംഘത്തെ അയയ്ക്കാനും ഹര്‍ത്താലില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു. അന്ത്യോദയ, അന്നയോജന (എ.എ.വൈ) ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ചുരുങ്ങിയത് അഞ്ച് കിലോ വീതം അരി ലഭ്യമാക്കുന്നതിനും കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് സര്‍വകക്ഷിയോഗം കേന്ദ്രസര്‍ക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഭക്ഷ്യഭദ്രതാനിയമം നടപ്പില്‍ വന്നതോടെ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ യോഗം ഉത്കണ്ഠ അറിയിച്ചു. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ സംസ്ഥാനത്തെക്കുറിച്ചു തെറ്റായ സന്ദേശം നല്‍കുന്നുണ്ട്. ഹര്‍ത്താലുകള്‍ വേണ്ടെന്നു വയ്ക്കാന്‍ നമുക്കാവില്ല. പക്ഷേ ഇക്കാര്യത്തില്‍ കുറേക്കൂടി ജാഗ്രതപാലിക്കണം. ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തെ അറിയിച്ചു. 

ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയകക്ഷി നേതാക്കള്‍ അറിയിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആഭ്യന്തര വിജിലന്‍സ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഭക്ഷ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി മിനി ആന്റണി, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഭക്ഷ്യവകുപ്പ് ഡയറക്ടര്‍ എന്‍.ടി.എല്‍. റെഡ്ഡി, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.