Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഗർ ചുഴലിക്കാറ്റ് വരുന്നു; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

cyclone-sagar

തിരുവനന്തപുരം ∙ ഏദൻ ഗൾഫ് തീരത്തു രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനുമാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റ് 90 കിലോമീറ്റർ വരെ വേഗമാർജിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവർ അടുത്ത 48 മണിക്കൂർ സമയത്തേക്ക് ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാൻ പാടില്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങൾക്കും ജാഗ്രതാനിർദേശമുണ്ട്.