Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഹാർ സ്വദേശിയുടെ കൊലപാതകം: പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ്

court പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ ബിഹാർ സ്വദേശി സത്‌നാം സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവർക്കെതിരായാണ് അഞ്ചാം അഡിഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന സമയങ്ങളിൽ ഇവർ സ്ഥിരമായി ഹാജരാകാത്തതിനാലാണു കോടതി നടപടി സ്വീകരിച്ചത്.

2012 ഡിസംബറിൽ ഈ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുമ്പോൾ ആറു പ്രതികൾ ഉണ്ടായിരുന്നു. നാലാം പ്രതി ബിജു ആത്‍മഹത്യ ചെയ്‌തു. അനിൽകുമാർ, വിവേകാനന്ദൻ, പ്രതീഷ് എന്ന ശരത് പ്രകാശ്, മഞ്ചേഷ്, ദിലീപ് എന്നീ അഞ്ചു പ്രതികളാണു വിചാരണ നേരിടേണ്ടത്. 2012 ഓഗസ്റ്റ് നാലിനാണു സത്‌നാം സിങ് മരണപ്പെടുന്നത്. 

മരണം കൊലപതകമാണെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്തു വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാലു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി 2012 ഡിസംബറിൽ കുറ്റപത്രം നൽകി. പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രണ്ടു ജീവനക്കാരും നാല് അന്തേവാസികളും  ചേർന്നാണു കൊല നടത്തിയതെന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

171 പേജുകൾ ഉള്ള കുറ്റപത്രത്തിനൊപ്പം 79 സാക്ഷികളുടെ പട്ടികയും 109 രേഖകളും ഏഴു തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. പ്രതികൾ കേബിൾ വയറും മറ്റ് ആയുധങ്ങളും ഉപയോഗിച്ചു നടത്തിയ മർദ്ദനത്തെ തുടർന്നാണു 2012 ഓഗസ്റ്റ് നാലിനു രാത്രി സത്നാം കൊല്ലപ്പെട്ടത് എന്നാണു കേസ്.