Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പാ വായുവിലൂടെ പകരില്ല, കോഴിക്കോട്ടെ ഉറവിടം കിണർവെള്ളം: മന്ത്രി ശൈലജ

nipah-alert-kozhikode നിപ്പാ വൈറസ് ഭീതിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗികളും കൂട്ടിരിപ്പുകാരും മാസ്കുകൾ ധരിച്ചപ്പോൾ. ചിത്രം: സജീഷ് ശങ്കർ∙ കോഴിക്കോട്

കോഴിക്കോട്​∙ നിപ്പാ വൈറസ് വായുവിലൂടെ പരക്കില്ലെന്നും രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണു പകരുകയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജനങ്ങള്‍ ഭയചകിതരാകേണ്ടതില്ല. രോഗബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗമുണ്ടെന്നു സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കും. രോഗികളെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പെട്ടെന്നു രോഗം കുറയ്ക്കാനുള്ള മരുന്നിന്റെ അഭാവം ലോകത്താകമാനമുണ്ട്. കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്ന് എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ചതിന്റെ ഉറവിടം കിണർവെള്ളമാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു വീതം വെന്റിലേറ്ററും ഐസൊലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം എട്ടു പേരാണു ചികിത്സയിലുള്ളത്. വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു ജീവികളിലൂടെ രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു കലക്ടർ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്നു സ്വകാര്യ ആശുപത്രികൾക്കു നിർദേശം നൽകി. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രമേ കഴിക്കാവൂയെന്നും മന്ത്രി വ്യക്തമാക്കി.

നിപ്പാ ഉറവിടം കിണർ വെള്ളം

കോഴിക്കോട് നിപ്പാ വൈറസ് ബാധയെത്തുടർന്നു മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. വൈറസ് പടർന്നതു കിണറ്റിലെ വെള്ളത്തിലൂടെ ആകാമെന്നാണു നിഗമനം. വവ്വാലുകൾ കിണറ്റിൽനിന്ന് പുറത്തു പോകാതിരിക്കാൻ പേരാമ്പ്ര ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണർ മൂടി. മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർ കഴിഞ്ഞ‌ദിവസം മരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെ അധിക സുരക്ഷയ്ക്കും നടപടിയെടുത്തു.

tp-ramakrishnan-kk-shylaja വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും കെ.കെ.ശൈലജയും സംസാരിക്കുന്നു. ചിത്രം: സജീഷ് ശങ്കർ∙ മനോരമ

അതേസമയം, സംസ്ഥാനത്തു ഭീതി പടർത്തി പനി മരണം തുടരുന്നു. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ആണ് ഒടുവിൽ മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ശുശ്രൂഷിച്ചതു ലിനിയാണ്. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരണം. വൈറസ് ബാധ പടരാതിരിക്കാൻ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഇതോടെ, നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പനി മരണം 16 ആയി.