Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ മേഖലയിൽ കഫീല്‍ ഖാന് അവസരം നൽകുന്നതിൽ സന്തോഷം: മുഖ്യമന്ത്രി പിണറായി

Pinarayi Vijayan

തിരുവനന്തപുരം ∙ ഡോ. കഫീല്‍ ഖാനെപ്പോലെയുള്ളവര്‍ക്കു കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിനു സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിനു തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ഥിച്ച് യുപിയിലെ ഡോക്ടർ കഫീൽ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. ഡോ. കഫീല്‍ ഖാനെപ്പോലെയുള്ളവര്‍ക്കു കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിനു സന്തോഷമേയുള്ളൂവെന്നും അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മുഖ്യമന്തിയുടെ കുറിപ്പിൽനിന്ന്:

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിനു തനിക്ക് അവസരം നല്‍കണമെന്നും അഭ്യർഥിച്ച യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍റെ ട്വിറ്റര്‍ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവൻ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണു ഞാന്‍ ഡോ. കഫീല്‍ ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയ്ക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിനു സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ ഖാനെപ്പോലെയുള്ളവര്‍ക്കു കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിനു സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിനു പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിനു വേണ്ടി നന്ദി അറിയിക്കുന്നു.