Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: ‘വാട്സാപ്പ് ഡോക്ടർമാർ’ സജീവം; ജാഗ്രത വേണമെന്ന് ഐഎംഎ

INDIA-WHATSAPP/

കണ്ണൂർ ∙ നിപ്പ വൈറസിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക മുതലെടുത്ത് ‘വാട്സാപ്പ് ഡോക്ടർമാർ.’ ചക്കയും മാങ്ങയും ഉൾപ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കരുതെന്നും കിണർവെള്ളം കുടിക്കരുതെന്നും വായുവിലൂടെ വ്യാപകമായി പടർന്നു പിടിക്കുമെന്നുമെല്ലാമുള്ള അഭ്യൂഹങ്ങളും അർധസത്യങ്ങളുമാണ് ഇത്തരക്കാർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ബീഫ്, പന്നി, കോഴി എന്നിവയൊന്നും കുറച്ചുദിവസത്തേക്കു കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായും പ്രചരിപ്പിക്കുന്നുണ്ട്. വളർത്തുമൃഗങ്ങളെ അകറ്റി നിർത്തണമെന്ന വാദവും ചില സന്ദേശങ്ങളിൽ കാണാം.

ആശങ്കപ്പെടുത്തുന്ന സന്ദേശങ്ങൾക്കുപുറമെ, കാര്യങ്ങളെ നിസ്സാരവൽക്കരിച്ചുകൊണ്ടുള്ള സന്ദേശങ്ങൾക്കും പഞ്ഞമില്ല. നിപ്പ വൈറസിനെ പേടിക്കേണ്ടെന്നും മരുന്നു കമ്പനികളുടെ തന്ത്രമാണെന്നുമെല്ലാം സമർഥിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ സാമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും ഐഎംഎ സെൻട്രൽ വർക്കിങ് കമ്മിറ്റി അംഗം ഡോ.ശ്രീജിത്ത് എൻ. കുമാർ ആവശ്യപ്പെട്ടു.