Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: ആലപ്പുഴ വൈറോളജി യൂണിറ്റ് ഉടൻ സജ്ജമാക്കണമെന്ന് ഐഎംഎ

nipah-784x410

മലപ്പുറം ∙ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ വൈറോളജി യൂണിറ്റ് അടിയന്തരമായി പ്രവർത്തനസജ്ജമാക്കണമെന്ന് ഐഎംഎ. കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി യൂണിറ്റ് സ്ഥാപിക്കണം. വൈറസ് സാന്നിധ്യ പരിശോധനകൾക്ക് ഇപ്പോൾ നേരിടുന്ന കാലതാമസം അതുവഴി ഒഴിവാക്കാം. സംസ്ഥാന പകർച്ചവ്യാധി നിരീക്ഷണകേന്ദ്രം, ദേശീയ രോഗനിയന്ത്രണ സമിതി, മൃഗസംരക്ഷണ വിദഗ്ധർ, എന്റമോളജിസ്റ്റുകൾ, വൈറോളജിസ്റ്റുകൾ എന്നിവരും ഐഎംഎ സംഘവും കോഴിക്കോട് പേരാമ്പ്രയിൽ പഠനം നടത്തുന്നുണ്ട്. നോഡൽ ഓഫിസറെ നിയോഗിച്ച് എല്ലാ സംഘങ്ങളെയും ഏകോപിപ്പിക്കണം. ഓരോ സംഘവും സ്വതന്ത്ര അന്വേഷണം നടത്തി മടങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്.

സൗജന്യ ബോധവൽക്കരണ പരിപാടികൾ നടത്താൻ ഐഎംഎ ശാഖകളുമായി ബന്ധപ്പെടാം. പേരാമ്പ്ര മേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് എൻ95 മാസ്കും നാട്ടുകാർക്ക് ത്രീലെയർ മാസ്കും നൽകും. ഐഎംഎ വിദഗ്ധസംഘത്തിന്റെ പഠനറിപ്പോർട്ട് നാലുദിവസത്തിനകം തയാറാകും. ‘ഡെങ്കി–ഫ്രീ കേരള’ ക്യാംപെയിനിന്റെ ഭാഗമായി നിപ്പ വൈറസ് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും. 

മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നൽകും. നിപ്പ വൈറസ് ബാധ സംശയിക്കുന്നവരെ സുരക്ഷിതമായി കൊണ്ടുപോകാൻ ഐഎംഎ ആംബുലൻസിന്റെ (ഫോൺ: 9188 100 100) സഹായം തേടാമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മർ പറഞ്ഞു.