മണിപ്പുരിൽനിന്ന് ദേശീയ കായിക സർവകലാശാല മാറ്റില്ല: സർവകലാശാല റജിസ്ട്രാർ

representational image

ഇംഫാൽ∙ മണിപ്പുരിൽനിന്നു ദേശീയ കായിക സർവകലാശാല (എൻഎസ്‌യു) മാറ്റുന്നതായുള്ള വിവരം തനിക്കറിയില്ലെന്നു നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റി റജിസ്ട്രാർ കെ.രാധാകുമാർ സിങ്. ‘സർവകലാശാല മാറ്റുന്നതിനെപ്പറ്റി ചോദ്യമുദിക്കുന്നില്ല. അത്തരം വിവരം ലഭിച്ചിട്ടുമില്ല’– രാധാകുമാർ‌ മാധ്യമങ്ങളോടു പറഞ്ഞു.

ദേശീയ കായിക സർവകലാശാല ബിൽ പാർലമെന്റിന്റെ മേശപ്പുറത്തുവച്ചിട്ടുണ്ട്. നിയമമാകണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. എന്തായാലും താൻ പ്രതീക്ഷയിലാണ്. കേന്ദ്രം ഓർഡിനൽസ് ഇറക്കുമെന്നാണു കരുതുന്നത്. ‌

മണിപ്പുരിലെ കോഓപ്പറേറ്റിവ് സൊസൈറ്റി റജിസ്ട്രാറുടെ കീഴിലാണു നിലവിൽ സർവകലാശാല. ഖുമാൻ ലംപക് സ്പോർട്സ് കോംപ്ലക്സിലാണു താൽക്കാലിക ക്യാംപസ് പ്രവർത്തിക്കുന്നത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കൗത്രുകിൽ 325 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ ഉടൻ ക്യാംപസ് പൂർത്തിയാക്കുമെന്നും രാധാകുമാർ വ്യക്തമാക്കി.