Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറയാതെ ഇന്ധനവില; ചർച്ചയ്ക്കു തയാറാകാതെ കേന്ദ്രസർക്കാർ

A diesel pump

കൊച്ചി∙ കേരളത്തില്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്തു പെട്രോളിനു 81.67 രൂപയും ഡീസലിന് 74.41 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 80.20 രൂപയും ഡീസലിന് 72.95 രൂപയുമാണ്. ഈ സാമ്പത്തിക വര്‍ഷം പെട്രോളിന് കൂടിയത് മൂന്ന് രൂപ 42 പൈസയണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതിനാല്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവിലവര്‍ധനയ്ക്ക് കാരണം.

വില വർധന പിടിച്ചുനിര്‍ത്താൻ കേന്ദ്രപെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇന്നലെയും നടന്നില്ല. ദീർഘകാല പരിഹാരത്തിനാണു ശ്രമമെന്ന വിശദീകരണമാണു സർക്കാർ നൽകുന്നത്. എണ്ണക്കമ്പനികൾ ഈടാക്കുന്ന വിലയുടെ ഇരട്ടിയോളം തുകയാണു നികുതി ഇനത്തിൽ ജനം നൽകേണ്ടിവരുന്നത്. ക്രൂഡോയിൽ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചില്ലറവിൽപന വില കുറയ്ക്കാൻ കഴിയില്ലെന്ന നിലപാട് എണ്ണക്കമ്പനികൾ ആവർത്തിക്കുമ്പോൾ, കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസം വില കൂട്ടാതിരുന്നതെങ്ങനെയെന്നു ജനം ചോദിക്കുന്നു.

പിഴിയുന്നതിൽ കേരളവും മുന്നിൽ

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം.

മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.