Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തുക്കുടി വെടിവയ്പിൽ പ്രതിഷേധം, ബന്ദ്; കമ്പനി പൂട്ടുമെന്ന് കലക്ടർ

Anti-Sterlite-Protest തൂത്തുക്കുടിയിലെ ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽനിന്ന് (ഫയൽ ചിത്രം).

തൂത്തുക്കുടി∙ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനു നേരെ നടന്ന പൊലീസ് വെടിവയ്പിൽ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തുടങ്ങി. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാർ ബന്ദിനെ പിന്തുണയ്ക്കാത്തതിനാൽ ഭൂരിഭാഗം സർക്കാർ ബസുകളും സർവീസ് നടത്തുന്നുണ്ട്. സിഐടിയു സഹകരിക്കുന്നതിനാൽ ഓട്ടോ– ടാക്സി തുടങ്ങിയവ നിരത്തിലിറങ്ങിയില്ല.

തൂത്തുക്കുടി വെടിവയ്പ് സിറ്റിങ് ജഡ്ജി അന്വേഷിക്കുക, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ബന്ദ്. തൂത്തുക്കുടിയിലെ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി. കഴിഞ്ഞദിവസം ഡിഎംകെയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ ഇന്നും പ്രതിഷേധമിരമ്പും. ശക്തമായ സുരക്ഷയാണു ചെന്നൈയിൽ ‌ഒരുക്കിയിട്ടുള്ളത്. സ്റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടുകയാണു ലക്ഷ്യമെന്നും പ്ലാന്റിലേക്കുള്ള ജല, വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചത് ഇതിന്റെ തുടക്കമാണെന്നു ജില്ലാ കലക്ടര്‍ സന്ദീപ് നന്തൂരി പറഞ്ഞു.

പ്രക്ഷോഭത്തിനെതിരെ നടന്ന പൊലീസ് വെടിവയ്പിൽ 13 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്കു പരുക്കേറ്റു. സംഭവത്തിൽ 34 പൊലീസുകാര്‍ക്കും പരുക്കുണ്ട്. 98 വാഹനങ്ങള്‍ അഗ്നിക്കിരയായി. കലക്ടറുടെ ഒാഫിസില്‍  മാത്രം 29 ലക്ഷത്തിന്‍റെ നാശനഷ്ടം സംഭവിച്ചു. അറസ്റ്റിലായ 64 പേരും റിമാന്‍ഡിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോടതി ഉത്തരവിന് വിധേയമായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും കലക്‌ടർ അറിയിച്ചു.

related stories