Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാശക്കൊട്ടിൽ ചെങ്ങന്നൂർ; പരസ്യപ്രചാരണം ഇന്നവസാനിക്കും, വോട്ടെടുപ്പ് 28 ന്

chengannur-candidates

ചെങ്ങന്നൂർ ∙ മാരത്തൺ പ്രചാരണം ഇന്നു ഫിനിഷിങ് ലൈനിലേക്ക്. പ്രഖ്യാപനത്തിനു മുൻ‍പേ ആരംഭിച്ച ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. രണ്ടര മാസം നീണ്ട അക്ഷീണ പ്രവർത്തനങ്ങൾക്കൊടുവിൽ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂർ നഗരത്തിൽ പരസ്യ പ്രചാരണം മൂർധന്യത്തിലെത്തി അവസാനിക്കും. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. രാജ്യമാകെ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31 നാണ്.

ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ രണ്ടു മാസത്തോളമായി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രചാരണത്തിലാണ്. വികസനത്തുടർച്ചയായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. ‘വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്’ എന്നതായിരുന്നു എൽഡിഎഫ് മുദ്രാവാക്യം. ‘നാടിന്റെ നേര് വിജയിക്കും’ എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാർഥിയുടെ വ്യക്തിത്വത്തിനു കൂടി യുഡിഎഫ് പ്രാധാന്യം നൽകി. ‘നമുക്കും മാറാം’ എന്ന വാക്യത്തിലൂടെ എൻഡിഎ ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളെ സമന്വയിപ്പിച്ചു.

സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കി സ്ഥാനാർഥികൾ അവസാന ദിവസങ്ങളിൽ വീണ്ടും ഗൃഹസന്ദർശനം തുടങ്ങി. വിവാഹം, മരണം, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ചടങ്ങുകൾ തുടങ്ങി ഒന്നും വിട്ടുപോകാതെ നോക്കുന്നു. വേനൽച്ചൂട് പ്രചാരണത്തോടു തീവ്രമായി മത്സരിച്ചതിനാൽ‌ പൊതുയോഗങ്ങളും സ്ഥാനാർഥികളുടെ പര്യടനങ്ങളും ഏറെയും ഉച്ചകഴിഞ്ഞായിരുന്നു. ഇന്നു കലാശക്കൊട്ടിനിടെ എംസി റോഡിലും അനുബന്ധ റോഡുകളിലും ഗതാഗതം തടസ്സപ്പെടാൻ സാധ്യതയേറെയായതിനാൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരഹൃദയത്തിന്റെ മിടിപ്പേറ്റുന്ന കലാശക്കൊട്ടിന്റെ അണിയറയിലാണു മൂന്നു പ്രധാന മുന്നണികളുടെയും പ്രവർത്തകർ.