പീഡനക്കേസിൽനിന്നു രക്ഷപ്പെടാൻ കോടതിയിൽ യുവാവ് ജനനേന്ദ്രിയം കാണിച്ചു

പ്രതീകാത്മക ചിത്രം

വാഷിങ്ടൻ ∙ കുറ്റവാളിയല്ലെന്നു തെളിയിക്കാൻ പീഡനക്കേസ് പ്രതി കോടതിയിൽ ജനനേന്ദ്രിയം പുറത്തുകാണിച്ചു. തനിക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീയുടെ മൊഴി തെറ്റാണെന്നു തെളിയിക്കാനായിരുന്നു ഡെസ്മണ്ട് ജെയിംസ് എന്ന 26 കാരന്റെ കടന്ന കൈ. ഇതോടെ ഇയാൾ നിരപരാധിയാണെന്നും കോടതി കണ്ടെത്തി.

പരാതിക്കു കാരണമായ സംഭവവുമായി ഇയാൾക്കു ബന്ധമൊന്നുമില്ലെന്നു തെളിഞ്ഞതായി പ്രതിയുടെ അഭിഭാഷകനായ ടോഡ് ബസെത്ത് പറഞ്ഞു. 2012 ല്‍, രാത്രി നടന്നു പോകുമ്പോൾ ഇരുണ്ട നിറമുള്ള ഒരാൾ തന്നെ പീഡിപ്പിച്ചെന്നായിരുന്നു സ്ത്രീയുടെ പരാതി. അയാളുടെ ജനനേന്ദ്രിയത്തിന് മറ്റു ശരീരഭാഗങ്ങളേക്കാൾ നിറം കുറവാണെന്നും സ്ത്രീ മൊഴി നൽകിയിരുന്നു. ആരോപണത്തിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും ഇത് ഡെസ്മണ്ടിനെ ഉദ്ദേശിച്ചായിരിക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ഏറ്റവും വലിയ അവ്യക്തത പ്രതിയുടെ സ്വകാര്യ ഭാഗങ്ങളെച്ചൊല്ലിയായിരുന്നു.

തുടർന്ന്, നിരപരാധിയാണെന്നു തെളിയിക്കാൻ ഡെസ്മണ്ട് ജനനേന്ദ്രിയത്തിന്റെ ഫോട്ടോകൾ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും അവ്യക്തത മാറിയിരുന്നില്ല. അവസാനവഴിയെന്ന നിലയിലാണ് യുവാവ് ജഡ്ജിമാർക്കു മുമ്പിൽ ജനനേന്ദ്രിയം പ്രദർശിപ്പിച്ചത്.