Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഓർമകൾ മാത്രം ബാക്കി; വൻ ജനാവലി സാക്ഷി, കെവിന്റെ മൃതദേഹം സംസ്കരിച്ചു

Kevin-Neenu കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ നീനു. കെവിന്റെ പിതാവ് ജോസഫ് ജേക്കബ് സമീപം.

കോട്ടയം∙ നീനുവിനും വീട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം ഇനി കെവിന്റെ ഓർമകൾ മാത്രം ബാക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി. ജോസഫി(23)ന്റെ മൃതദേഹം സംസ്കരിച്ചു. കുന്നുമ്മൽ മൗണ്ട് കാർമൽ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്കാരം.

മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കെവിനെ അവസാനമായി ഒരു നോക്കു കാണാൻ എസ്എച്ച് മൗണ്ടിലെ വീട്ടിലേക്കു നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ സ്ഥലത്തെത്തി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷമാണു ബന്ധുക്കൾക്കു വിട്ടുകൊടുത്തത്.

മോർച്ചറിക്കുമുന്നിൽ സംഘർഷം

കെവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ സംഘർഷമുണ്ടായി. മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനു നേരെ സിപിഎം പ്രവർത്തകർ കയ്യേറ്റശ്രമം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഷർട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവർത്തകരും മോർച്ചറിക്കുള്ളിൽ കയറി. എന്നാൽ ഷർട്ട് വലിച്ചുകീറിയ പ്രവർത്തകനെ അകത്തുകയറാൻ സിപിഎം പ്രവർത്തകർ സമ്മതിച്ചില്ല.

പ്രതികൾക്കായി തിരച്ചിൽ ശക്തം

പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകി. പ്രതികൾ വിദേശത്തേക്കു കടക്കുന്നതു തടയുകയാണു ലക്ഷ്യം. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ സാനു എന്നിവർ കണ്ണൂരില്‍ കീഴടങ്ങി. മറ്റു പ്രതികളായ റെനീസ്, സലാദ്, അപ്പു, ടിറ്റോ തുടങ്ങിയവര്‍ക്കായി തിരച്ചിൽ ശക്തമാക്കി. കെവിന്റേതു ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഡിജിപി ലോക്നാഥ് ബെഹ്റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പിടിയിലായി, ഡിവൈഎഫ്ഐ ‘പുറത്താക്കി’

കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിൽ പൊലീസ് പിടിയിലായ ഇഷാൻ ഇയിൽ നൽകിയ വിവരമനുസരിച്ചു നടത്തിയ തിരച്ചിലിലാണു തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. പിടിയിലായ മറ്റു രണ്ടു പേരിൽ ഒരാൾ ഡിവൈഎഫ്ഐ നേതാവാണ്. ഡിവൈഎഫ്ഐ നേതാവ് ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ഇടമൺ -34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാൽ സംഭവത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു തിങ്കളാഴ്ച രാവിലെ തന്നെ പുറത്താക്കിയിരുന്നു.

കേസന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം എസ്പി വി. എം.മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. കോട്ടയം ഗാന്ധിനഗർ എസ്ഐ എം.എസ്. ഷിബു, എഎസ്ഐ സണ്ണിമോൻ എന്നിവർക്ക് സസ്പെൻഷനുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. പ്രതികളെ പിടികൂടാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാലു സംഘങ്ങൾക്കാണു ചുമതല.

Kevin Murder | Kottayam Medical College Mortury കോട്ടയം മെഡിക്കൽ കോളജിനുമുന്നിൽ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടം. ചിത്രം: റിജോ ജോസഫ്.