Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെൻമലയിൽ കോൺഗ്രസ്–സിപിഎം വാക്കേറ്റം; കെവിന്റെ മൃതദേഹം മഴയത്തും

kottayam-kevin-murder-kollam കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിനരികിൽനിന്ന്. ചിത്രം: മനോരമ.

കൊല്ലം∙ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിൻ പി. ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയ ചാലിയക്കര തോടിനരികിൽ സംഘർഷമുണ്ടായി. കെവിന്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു സിപിഎം, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ആർഡിഒയുടെയോ മജസിട്രേറ്റിന്റെയോ നേതൃത്വത്തിൽ ഇൻക്വസ്റ്റ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യമാണു തർക്കത്തിന് ഇടയാക്കിയത്. കെവിന്റെ മരണത്തിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരും കലഹിച്ച നേരമത്രയും കെവിന്റെ മൃതദേഹം മഴയത്ത് കിടന്നു.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇവിടെയെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ പ്രതിഷേധം ആരംഭിച്ചിരുന്നു. പൊലീസിന്റെ ഇൻക്വസ്റ്റിൽ വിശ്വാസമില്ലെന്നും ആർഡിഒയുടെയോ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തിൽ ഇൻക്വസ്റ്റ് വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പിന്നാലെ, രാഷ്ട്രീയ മുതലെടുപ്പു നടത്തരുതെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരോടു തട്ടിക്കയറി.

അതിനിടെ, കൊല്ലം റൂറൽ എസ്പി പി. അശോകൻ സ്ഥലം സന്ദർശിച്ചു. നിയമപരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. ആർഡിഒ ചുമതലപ്പെടുത്തിയത് അനുസരിച്ച് തഹസിൽദാർ ഇൻക്വസ്റ്റ് നടത്താനെത്തി. പിന്നീട് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസിന്റെ കസ്റ്റഡിയിലാണ്. വിരലടയാള പരിശോധനയുൾപ്പെടെ വിദഗ്ധ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.