പെട്രോൾ–ഡീസൽ നികുതി: അധിക വരുമാനത്തിൽ ഒരു ഭാഗം ഉപേക്ഷിക്കാൻ സർക്കാർ

കൊല്ലം∙ പെട്രോൾ–ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം സർക്കാർ ഉപേക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. വ്യാഴാഴ്ച മുതൽ നികുതിയിളവോടു കൂടിയ വില പ്രാബല്യത്തിൽ വരും. നികുതിയിൽ എത്ര ഇളവു നൽകണമെന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.

നേരത്തേ ഇക്കാര്യം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. 

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.