കൊല്ലം∙ കെവിന്‍ വധക്കേസില്‍ ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിച്ച് അന്വേഷണ സംഘം. കേസിൽ പൊലീസുകാർ പ്രതികളാകില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ പറഞ്ഞു. പൊലീസുകാരുടേതു കൃത്യവിലോപം മാത്രമാണ്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പൊലീസുകാർക്കു പങ്കില്ലാത്തതിനാൽ അവർ പ്രതികളാകില്ലെന്നും ഐജി മാധ്യമങ്ങളോടു പറഞ്ഞു.
കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ കോട്ടയം ഗാന്ധി നഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം.ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർ അറസ്റ്റിലായിരുന്നു. ഇവർക്കു കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചു. അതിനിടെ, പ്രതികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകള്‍ തെളിവെടുപ്പിനിടെ പുനലൂരിൽനിന്നു കണ്ടെത്തി. ഇതു കേസിൽ നിർണായകമാകും.