വാട്സാപ് ഹര്‍ത്താല്‍: 1595 പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി

തിരുവനന്തപുരം∙ വാട്സാപ് വഴി ആഹ്വാനം ചെയ്തു ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 385 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്‍റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു എന്ന ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെവിന്റെയും ശ്രീജിത്തിന്റെയും മരണം മുതല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍വരെ ഈ സമ്മേളന കാലയളവിൽ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. നെല്‍വയല്‍ നീര്‍ത്തടനിയമ ഭേദഗതിയും സാങ്കേതിക സര്‍വകലാശാല ബില്ലും ഉള്‍പ്പെടയുള്ള സഭ പരിഗണിക്കും.