വാട്സാപ്പ് കുടുംബഗ്രൂപ്പിൽ ചിത്രങ്ങളിട്ടു‌; യുവാവിനെ അടിച്ചുകൊന്നു

യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്. ചിത്രം: ട്വിറ്റർ

സോനിപ്പത്ത്∙ വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണു സംഭവം. ലവ് (20) ആണ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

ലവിന്റെ സഹോദരൻ അജയ്‍യുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. അത്താഴത്തിനു ശേഷമെടുത്ത ചില ചിത്രങ്ങൾ അറിയാതെ വാട്സാപ്പിൽ പങ്കുവയ്ക്കപ്പെടുകയായിരുന്നെന്നു അജയ് പിന്നീട് വാർത്താ ഏജൻസിയോടു പറഞ്ഞു. ചിത്രങ്ങൾ കണ്ടതിനു പിന്നാലെ ശിഖ കോളനിവാസിയും ഗ്രൂപ്പ് അംഗവുമായ ദിനേഷ് ഇരുവരെയും വീട്ടിലേക്കുവിളിപ്പിച്ചു.

വീട്ടിൽവച്ച് വാക്കുതർക്കമുണ്ടായി. ഇരുമ്പുവടികൊണ്ടും ഇഷ്ടിക കൊണ്ടും ലവിനെയും അജയ്‍യെയും മർദിച്ചു. ലവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അജയ് പരുക്കുകളോടെ ആശുപത്രിയിലാണ്. ദിനേഷിനും കുടുംബത്തിനുമെതിരെ പരാതി റജിസ്റ്റർ ചെയ്തു. ദിനേഷ് ഒളിവിലാണ്.