കൊച്ചി എസ്ആർഎം റോഡിൽ പഠനോപകരണങ്ങളുടെ ഗോഡൗൺ കത്തിനശിച്ചു

Representational image

കൊച്ചി∙ കൊച്ചി എസ്ആർഎം റോഡിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ ഗോഡൗൺ കത്തിനശിച്ചു. ഇന്നു രാവിലെയാണു സംഭവം. അഞ്ചു ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവിലെ ഒൻപതോടെയാണു തീപിടിച്ചത്. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു സംശയിക്കുന്നു.

ഗാന്ധിനഗറിൽനിന്നു മൂന്നും തൃക്കാക്കര, ക്ലബ് റോഡ് യൂണിറ്റുകളിൽനിന്നു രണ്ടു വീതവും ഏലൂരിൽനിന്ന് ഒന്നും ഫയർ യൂണിറ്റുകളെത്തി, മൂന്നു മണിക്കൂറിലധികം ശ്രമിച്ചാണു തീയണച്ചതും സമീപ കെട്ടിടങ്ങളിലേക്കു പടരാതെ നോക്കിയതും. ഇതേ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണു കട. രണ്ടാം നിലയിൽ, ഷീറ്റ് മേഞ്ഞാണു ഗോഡൗണുണ്ടാക്കിയത്.

സ്റ്റേഷൻ ഓഫിസർമാരായ രഞ്ജിത് കുമാർ, ജൂഡ് തദേവൂസ്, അസി. സ്റ്റേഷൻ ഓഫിസർ പി.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം ഫയർമാന്മാർ ചേർന്നാണു തീയണച്ചത്.