Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ് തൊപ്പി ധരിച്ച പ്രണബിന്റെ വ്യാജ ചിത്രങ്ങൾ‍; മകൾ പേടിച്ചത് സംഭവിച്ചു

pranab-mukherjee-morphed-photo ആർഎസ്എസ് പരിപാടിയിൽ പ്രണബ് മുഖർജി പങ്കെടുക്കുന്നതിന്റെ വ്യാജ ചിത്രം.

ന്യൂഡൽഹി∙ മകൾ മുന്നറിയിപ്പുനൽകിയതുപോലെ ആർഎസ്എസ് ആസ്ഥാനത്തു മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പ്രസംഗം നടത്തി മണിക്കൂറുകൾക്കകം മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നു. പ്രണബിന്റെ പ്രസംഗം എല്ലാവരും മറക്കും എന്നാൽ ആ വേദിയിലെ ചിത്രം എന്നെന്നും നിലനിൽക്കുമെന്നായിരുന്നു മകൾ ഷർമിഷ്ഠ മുഖർജി അച്ഛനു മുന്നറിയിപ്പു നൽകിയത്. മകൾ പറഞ്ഞത് അക്ഷരംപ്രതി സംഭവിച്ചുവെന്നാണു പുറത്തുവന്ന ചിത്രങ്ങൾ തെളിയിക്കുന്നത്. ആർഎസ്എസ് പ്രവർത്തകരെപ്പോലെ പ്രണബ് മുഖർജി തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന വ്യാജ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. താൻ പറഞ്ഞതുപോലെ സംഭവിച്ചു എന്നു വ്യക്തമാക്കി ഷർമിഷ്ഠ തന്നെ വ്യാജ ചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും മറ്റ് ആർഎസ്എസ് നേതാക്കളും ധരിച്ചിരിക്കുന്നതുപോലെ കറുത്ത തൊപ്പിയാണു വ്യാജ ചിത്രത്തിൽ പ്രണബ് മുഖർജിയുടെ തലയിൽ മോർഫ് ചെയ്തു പിടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ആർഎസ്എസുകാർ കൈ നെഞ്ചത്തുവച്ച് സല്യൂട്ട് സ്വീകരിക്കുന്ന മാതൃകയിൽ പ്രണബിന്റെ കൈയും മോർഫ് ചെയ്തവർ അതേപോലെ നെഞ്ചത്തു പിടിപ്പിച്ചിട്ടുണ്ട്.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനുള്ള പ്രണബ് മുഖർജിയുടെ തീരുമാനത്തിനെതിരെ അദ്ദേഹത്തിന്റെ മകളും കോൺഗ്രസ് നേതാവുമായ ഷർമിഷ്ഠ മുഖർജി രംഗത്തുവന്നിരുന്നു. ബിജെപിയുടെ വൃത്തികെട്ട തന്ത്ര വിഭാഗം എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായെന്നു തോന്നുന്നു. ആർഎസ്എസിന്റെ കാഴ്ചപ്പാടുകൾ പ്രണബ് തന്റെ പ്രസംഗത്തിൽ അംഗീകരിക്കുമെന്ന് അവർപോലും വിശ്വസിക്കുന്നില്ല. പ്രണബിന്റെ പ്രസംഗം മറക്കും എന്നാൽ ആ ചിത്രങ്ങൾ അതുപോലെ നിലനിൽക്കും. വ്യാജ പ്രസ്താവനകളോടെ അവ പ്രചരിക്കും – അവർ അച്ഛനു മുന്നറിയിപ്പെന്നപോലെ ട്വീറ്റ് ചെയ്തു.

ചിത്രം പുറത്തുവന്നതിനു പിന്നാലെയുള്ള ട്വീറ്റിൽ – കണ്ടോ, ഇതാണു ഞാൻ ഭയപ്പെട്ടിരുന്നതും അച്ഛനു മുന്നറിയിപ്പു നൽകിയതും. പരിപാടി കഴിഞ്ഞ് അധികം മണിക്കൂറുകളായില്ല. എന്നാൽ ബിജെപിയും ആർഎസ്എസ്സിന്റെ കൗശല വിഭാഗവും പൂർണ അർഥത്തിൽ പണിതുടങ്ങിയിരിക്കുകയാണ് – അവർ കുറിച്ചു.