കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ മതി; ആവശ്യവുമായി പോസ്റ്ററുകൾ

മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്റർ

തിരുവനന്തപുരം∙ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടെ മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്റെയും തിരുവനന്തപുരം ഡിസിസി ഓഫിസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണു പോസ്റ്ററുകള്‍. ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പാലക്കാട് നഗരത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജീര്‍ണിച്ച നേതൃത്വത്തിനു വിശ്രമം നല്‍കണം, ജനസ്വാധീനമില്ലാത്ത ആസ്ഥാനമോഹികളെ മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററിലുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകാനുള്ള തീരുമാനം വന്നതിനു പിന്നാലെയാണു കെപിസിസി അധ്യക്ഷനായുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമായത്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ, കെ. മുരളീധരൻ എന്നിവരെ പരിഗണിക്കണമെന്നാണു പ്രവർത്തകർ ആവശ്യപ്പെടുന്നത്.