സുധീരനെ നിലയ്ക്കു നിർത്തണമെന്ന് എ ഗ്രൂപ്പ്; ഹൈക്കമാൻഡിനു പരാതി

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത പടലപിണക്കങ്ങൾ കോൺഗ്രസിനെ നയിക്കുന്നത് തുറന്ന വാക്പോരിലേക്ക്. പാർട്ടിയിലെ വിമതശബ്ദമായി മാറുന്ന മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ ഹൈക്കമാൻഡിനു പരാതി നൽകുന്നതിനാണു നീക്കം. പാര്‍ട്ടിയെ ലംഘിച്ച് മുന്നോട്ടുപോകുന്ന സുധീരനെ നിലയ്ക്കു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പാണു ഹൈക്കമാൻഡിനെ സമീപിക്കുന്നത്. പരസ്യപ്രസ്താവന വിലക്കിയിട്ടും നേതൃത്വത്തിനെതിരെ ഇന്നലെയും സുധീരൻ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രതികരിച്ചതാണു നേതാക്കളെ ചൊടിപ്പിച്ചത്.

പരസ്യപ്രസ്താവനയുടെ പേരില്‍ സുധീരനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. രാഷ്ട്രീയകാര്യസമിതിയിലും കെപിസിസി നേതൃയോഗത്തിലും അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരം കിട്ടിയ സുധീരന്‍ വിലക്കു ലംഘിച്ചു പരസ്യപ്രസ്താവന നടത്തിയതു ശരിയായില്ല. അവസരം മുതലെടുത്തു പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കാനാണു സുധീരന്റെ ലക്ഷ്യമെന്നാണ് എ ഗ്രൂപ്പിന്റ ആരോപണം. സുധീരനെ നിലയ്ക്കു നിര്‍ത്താന്‍ ഇടപെടണമെന്ന് എ ഗ്രൂപ്പ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടും. കെപിസിസി പ്രസിഡന്‍റായിരുന്ന ആളാണെന്നെങ്കിലും വിചാരിക്കണമായിരുന്നു. അനാരോഗ്യം കാരണമാണ് പ്രസിഡന്റ് പദം രാജിവച്ചതെന്ന് ഒരിക്കല്‍ പറയുകയും മറ്റൊരിക്കല്‍ അതിന്റെ പേരില്‍ നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കും.

വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനും സുധീരന്റെ നീക്കങ്ങള്‍ തടസമാകുമെന്ന് എ, െഎ നേതാക്കള്‍ പറയുന്നു. സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രണ്ടുദിവസത്തെ നിര്‍വാഹക സമിതിയോഗം വിളിക്കാനാണ് ആലോചിക്കുന്നത്. കെപിസിസിക്ക് പുതിയ പ്രസിഡന്റ് വരാനിരിക്കെ സുധീരന്റെ ഇനിയുള്ള നീക്കങ്ങള്‍ എന്താണെന്നാണ് എ, െഎ ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നത്.