ഫ്ലാറ്റിലെ തീപിടിത്തം: സുരക്ഷിതയെന്ന് ദീപിക, അഗ്നിശമന സേനയ്ക്ക് നന്ദിയറിയിച്ച് താരം

തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ 26-–ാം നിലയിലാണു ദീപികയുടെ ഫ്ലാറ്റ്.

മുംബൈ∙ മഹാരാഷ്ട്രയിലെ വർളിയിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം. സൗത്ത് മുംബൈയിലെ പത്മാവതിയിലുള്ള ബ്യൂമൗണ്ട് കെട്ടിടത്തിലാണ് ഉച്ചയ്ക്കു രണ്ടോടെ തീപിടിത്തമുണ്ടായത്. ഒട്ടേറെ സെലിബ്രിറ്റികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയമാണിത്. എന്നാൽ താൻ സുരക്ഷിതയാണെന്ന് ദീപിക പറഞ്ഞു. തീയണയ്ക്കാൻ സ്വന്തം ജീവൻ പോലും പണയം വച്ചു രംഗത്തിറങ്ങിയ അഗ്നിശമന സേനാംഗങ്ങൾക്കു വേണ്ടി പ്രാർഥനകളുണ്ടാകുമെന്നും താരം ട്വീറ്റ് ചെയ്തു.

തീപിടിത്തത്തിൽ ആർക്കും പരുക്കില്ലെന്നാണു വിവരം. കെട്ടിടത്തിൽ താമസിച്ചിരുന്നു 90 കുടുംബങ്ങളെ സുരക്ഷിതമായി താഴെയെത്തിച്ചെന്നു മുംബൈ പൊലീസ് അറിയിച്ചു. അഗ്നിശമന സേനയും കെട്ടിടത്തിലെ ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഏറെ പരിശ്രമിച്ചാണു തീയണച്ചതെന്നു പൊലീസ് വ്യക്തമാക്കി.

കെട്ടിടത്തിന്റെ മുപ്പത്തിമൂന്നാം നിലയ്ക്കാണു തീപിടിച്ചത്. രണ്ടു നിലകൾക്കു സാരമായി കേടുപാടുകളുണ്ടായെന്നു ദൃക്സാക്ഷികൾ പറഞ്ഞു. എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണു കെട്ടിടം. ഇതിൽ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. 26–ാം നിലയിലാണു ദീപികയുടെ ഫ്ലാറ്റ്. 

അഗ്നിശമന സേനയുടെ പത്തു യൂണിറ്റുകളെത്തിയാണു തീയണച്ചത്. രക്ഷാപ്രവർത്തനം പൂർത്തിയായെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിനു പിന്നിലുള്ള കാരണവും അന്വേഷിച്ചു വരികയാണ്.