കഞ്ചിക്കോട് പദ്ധതി ഉപേക്ഷിച്ചിട്ടില്ല, വികസനത്തിനു കേരളം സഹകരിക്കുന്നില്ല: മന്ത്രി

പീയുഷ് ഗോയൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന പ്രചാരണം തെറ്റെന്നു റയിൽവേ മന്ത്രി പിയുഷ് ഗോയൽ. കേരളത്തിലെ പല പദ്ധതികളും വൈകുന്നതിനു കാരണം സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്തു നൽകാൻ മടിക്കുന്നതു കൊണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധവശങ്ങള്‍ പരിശോധിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂ. റെയില്‍വെ വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ഭൂമിയേറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാരിന് വിമുഖതയാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. കഞ്ചിക്കോട് കേ‍ാച്ച് ഫാക്ടറി എന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിച്ചേക്കുമെന്നു വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

നിലവിലുള്ള കേ‍ാച്ച് ഫാക്ടറികൾ മുഖേന ഇപ്പോഴും സമീപ ഭാവിയിലും റെയിൽവേയ്ക്ക് ആവശ്യമായ കേ‍ാച്ചുകൾ നിർമിക്കാമെന്നും പുതിയ ഫാക്ടറികൾ ആവശ്യമില്ലെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗേ‍ായലും സഹമന്ത്രി രാജൻ ഗേ‍ഹെനും എം.ബി. രാജേഷ് എംപിക്കു നൽകിയ കത്തിൽ നേരത്തെ അറിയിച്ചിരുന്നു.

കഞ്ചിക്കോട് ഫാക്ടറിക്കു തറക്കല്ലിട്ടിട്ട് ആറു വർഷമായി. ഇതിനിടെ റായ്ബറേലി ഉൾപ്പെടെ രണ്ടു പുതിയ കേ‍ാച്ച് ഫാക്ടറികളിൽ ഉൽപാദനം ആരംഭിച്ചു. പുതിയവ അനുവദിക്കുകയും ചെയ്തു.

തറക്കല്ലിട്ട യുപിഎ സർക്കാരിൽ, കേരളത്തിൽനിന്ന് ആറു മന്ത്രിമാരുണ്ടായിട്ടും കഞ്ചിക്കേ‍ാട് ഫാക്ടറി യാഥാർഥ്യമായില്ല. എൻഡിഎ സർക്കാരും പദ്ധതിക്കു പരിഗണന നൽകിയില്ല. 2012 ഫെബ്രുവരി 21നു കേ‍ാട്ടമൈതാനിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി ഫാക്ടറിയുടെ തറക്കല്ലിടൽ നിർവഹിച്ച്, 36 മാസം കെ‍ാണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു. പൊതു – സ്വകാര്യപങ്കാളിത്തത്തേ‍ാടെ അലൂമിനിയം കേ‍ാച്ച് നിർമിക്കുന്ന 1000 കേ‍ാടി രൂപയുടെ പദ്ധതിയാണു പ്രഖ്യാപിച്ചത്. മികച്ച രീതിയിൽ ഒരു പൂ കൃഷി ചെയ്തിരുന്ന സ്ഥലം ഉൾപ്പെടെ പദ്ധതിക്കാവശ്യമായ ഭൂമി അതിവേഗത്തിലാണു സംസ്ഥാന സർക്കാർ ഏറ്റെടുത്തു റെയിൽവേയ്ക്കു കൈമാറിയത്. 2016ലെ ബജറ്റിൽ സ്വകാര്യപങ്കാളിയെ കണ്ടെത്തി 144 കേ‍ാടി രൂപ സ്വരൂപിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. 2015 മുതൽ, 17 വരെയുളള ബജറ്റുകളിൽ ആകെ 1.70 കേ‍ാടി രൂപയാണു വകയിരുത്തിയത്.