ഗൗരി വധക്കേസിലെ തോക്കിന്റെ ‘സംസ്ഥാനാന്തര ബന്ധം’; പ്രതികളെ തൽക്കാലം വിട്ടുകൊടുക്കില്ല

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ സംഘത്തെ ചോദ്യംചെയ്യാൻ മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക സംഘം (എസ്ഐടി) ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നു കർണാടക പൊലീസ്. ഗൗരിക്കു നേരെ വെടിയുതിർത്തെന്നു കുറ്റസമ്മതം നടത്തിയ ശ്രീരാമസേന പ്രവർത്തകൻ പരശുറാം വാഗ്‌മറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യലിനായി മഹാരാഷ്ട്ര എസ്ഐടി എത്തുന്നത്.

യുക്തിവാദി നരേന്ദ്ര ധാബോൽക്കർ, സിപിഐ നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യണമെന്നാണു മഹാരാഷ്ട്രയുടെ ആവശ്യം.ഗൗരിയെ വെടിവച്ച അതേ തോക്കുകൊണ്ടാണു ധാർവാഡിൽ പുരോഗമന വാദികളായ പ്രഫ. എം.എം കൽബുറഗിയെയും നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെഎന്നിവരെയും കൊലപ്പെടുത്തിയതെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇനിയും കണ്ടെടുക്കാനായിട്ടില്ല.

ഗൗരിവധക്കേസ് പ്രതികളെ മഹാരാഷ്ട്ര എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നതു ഗൗരി വധവുമായി ബന്ധപ്പെട്ട അന്വേഷണത്തെ ബാധിക്കുമെന്നും, ഇതിനു കോടതി അനുവാദം നൽകരുതെന്നും കർണാടക എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ, ഗൗരിവധക്കേസിൽ ആദ്യം അറസ്റ്റിലായ ഹിന്ദു യുവസേന സ്ഥാപകൻ കെ.ടി. നവീൻ കുമാർ സമർപ്പിച്ച ജാമ്യഹർജി സിറ്റി സെഷൻസ് കോടതി ഇന്നലെ പരിഗണിച്ചു. ഗൗരി വധക്കേസുമായി നവീനു ബന്ധമുണ്ടെന്നു തെളിയിക്കാൻ എസ്ഐടിക്കു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഗൗരി വധവുമായി ബന്ധപ്പെട്ട് ശ്രീരാമസേന വിജയപുരം ജില്ലാ പ്രസിഡന്റ് രാകേഷ് മഠിനെ കഴിഞ്ഞ ദിവസം എസ്ഐടി ചോദ്യം ചെയ്തിരുന്നു. ‘നായ’ പരാമർശം വിവാദമായി

ഗൗരിയുടേത് ഉൾപ്പെടെയുള്ള കൊലപാതകങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ മൗനത്തെ ചോദ്യം ചെയ്യുന്നവർ, കർണാടകയിൽ ഓരോനായയും മരിക്കുമ്പോൾ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണോ പ്രതീക്ഷിക്കുന്നതെന്ന മുത്തലിക്കിന്റെ ചോദ്യമാണ് വിവാദമായത്. ഇതിനെതിരെ വിവിധ കോൺഗ്രസ് നേതാക്കൾ ഇന്നലെ രംഗത്തുവന്നു.ഗൗരിയെ നായയോട് ഉപമിച്ച പ്രമോദ് മുത്തലിക്കിന്റെ നടപടി അപലപനീയമാണെന്നു കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.ഗൗരിയുടെ കൊലപാതകത്തിൽ മൗനം പാലിച്ച മോദി, മുത്തലിക്കിന്റെ ഈ പ്രസ്താവനയും പൊറുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

∙∙∙∙

ഗൗരിയെ താൻ നായയോട് അറിഞ്ഞുകൊണ്ട് ഉപമിച്ചിട്ടില്ല. സംസ്ഥാനത്തെ ഓരോ മരണത്തിനും പ്രധാനമന്ത്രി പ്രതികരിക്കേണ്ടതുണ്ടോ എന്നു മാത്രമാണ് ഉദ്ദേശിച്ചത്. പരശുറാമിനെ വ്യക്തിപരമായി തനിക്കറിയില്ല. ഇത്തരത്തിൽ ആയിരക്കണക്കിനുപേർ തനിക്കൊപ്പം നിന്നു ചിത്രമെടുക്കാറുണ്ട്. - പ്രമോദ് മുത്തലിക്

∙∙∙∙‌

അനധികൃത നടപടികൾക്കു കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. പരശുറാം വാഗ്മറിന്റെ അറസ്റ്റോടെ, ശ്രീരാമ സേന പ്രവർത്തനങ്ങളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. - എച്ച്.ഡി.കുമാരസ്വാമി, മുഖ്യമന്ത്രി