രാഹുലിനായി കോൺഗ്രസ് അവകാശവാദം; തള്ളാതെ അഖിലേഷും തേജസ്വിയും

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കവേ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നീക്കം സജീവമാക്കി. പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രധാനമന്ത്രി സ്ഥാനാർഥി സംബന്ധിച്ച് അഭിപ്രായ ഐക്യമായിട്ടില്ലെങ്കിലും രാഹുൽ അതിനു യോഗ്യനാണെന്ന പ്രചാരണത്തിനു കോൺഗ്രസ് തുടക്കമിട്ടു.

അതേസമയം, രാഹുലിനെ പരസ്യമായി പിന്തുണയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന പ്രതിപക്ഷ നിരയിലെ മറ്റു കക്ഷികൾ കാത്തിരുന്നു കാണാം എന്ന നിലപാടിലാണ്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്നനിലയിൽ രാഹുൽ പ്രധാനമന്ത്രിപദത്തിലേക്കുള്ള സ്വാഭാവിക സ്ഥാനാർഥിയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യ‌ക്തമാക്കി. പ്രധാനമന്ത്രിയാവാൻ താൻ തയാറാണെന്നു കർണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ വ്യക്തമാക്കിയതിനുശേഷം ഇതാദ്യമായാണു കോൺഗ്രസ് ഇക്കാര്യത്തിൽ ഒൗദ്യോഗിക അവകാശവാദം ഉന്നയിക്കുന്നത്.

പ്രതിപക്ഷ നിരയിലെ ഏതാനും കക്ഷികൾ രാഹുലിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മറ്റുള്ളവരും പിന്നാലെ രംഗത്തുവരുമെന്നും സുർജേവാല ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ആരു പ്രധാനമന്ത്രിയാവണമെന്നു യുപി തീരുമാനിക്കുമെന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. രാഹുലിന്റെ സ്ഥാനാർഥിത്വം പൂർണമായി തള്ളിക്കളഞ്ഞില്ലെങ്കിലും അതു യാഥാർഥ്യമാക്കാൻ കോൺഗ്രസിനു വിയർപ്പൊഴുക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിക്കാനില്ലെന്നും സംസ്ഥാന ഭരണമാണു തന്റെ ലക്ഷ്യമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിക്കസേരയിലെത്തുന്നവർക്ക് ഒരുനാൾ ഒഴിയേണ്ടിവരുമെന്നും അടുത്ത വർഷം മോദിയെ പുറത്താക്കുമെന്നും പറഞ്ഞ ആർജെഡി നേതാവ് തേജസ്വി യാദവ്, പ്രധാനമന്ത്രിപദത്തിലേക്കു രാഹുലിനെ ഉയർത്തിക്കാട്ടിയ കോൺഗ്രസ് നീക്കത്തെക്കുറിച്ചു മൗനം പാലിച്ചു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു പച്ചക്കൊടി കാട്ടിയ അദ്ദേഹം, ബിഹാർ ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ ആർജെഡി നിർണായക ശക്തിയാകുമെന്നും നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഒരുകാരണവശാലും ഒപ്പം കൂട്ടില്ലെന്നും വ്യക്തമാക്കി.

പ്രതികരണങ്ങള്‍

കശ്മീർ മുതൽ കന്യാകുമാരിവരെയും മിസോറം മുതൽ പോർബന്ദർ വരെയും കോൺഗ്രസിനു സജീവ സാന്നിധ്യമുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 200 സീറ്റിനു മുകളിൽ േനടും. – രൺദീപ് സിങ് സുർജേവാല (കോൺഗ്രസ് വക്താവ്)

പ്രധാനമന്ത്രിയാകുന്നതു സ്വപ്നം കാണാൻ രാഹുൽ ഗാന്ധിക്ക് അവകാശമുണ്ട്; പക്ഷേ, ആ സ്വപ്നം പൂവണിയാൻ കോൺഗ്രസിന് കഠിന ശ്രമം നടത്തേണ്ടിവരും. – അഖിലേഷ് യാദവ് (എസ്പി നേതാവ്)

മോദിയോടുള്ള വ്യക്തിപരമായ എതിർപ്പിന്റെ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്റെ ദുർഭരണത്തിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണു പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്നത്. – തേജസ്വി യാദവ് (ആർജെഡി നേതാവ്)