Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസി, ‍ക്യാമറ, ക്രെഡിറ്റ് കാർഡ്; ഹൈടെക് ആയി മദ്യവിൽപന ശാലകൾ

bar-liquor-shop Representational image

തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപനശാലകളെല്ലാം ഹൈടെക് സംവിധാനങ്ങളോടെ മു‌ഖം മിനുക്കുന്നു. വിദേശനിർമിത വിദേശമദ്യംകൂടി വിൽക്കാൻ തീരുമാനിച്ചതോടെയാണു നടപടി. വിദേശനിർമിത മദ്യം ജൂലൈ ആദ്യവാരം മുതൽ കടകളിൽ ലഭ്യമാക്കും. കോർപറേഷന്റെ 266 കടകളിൽ സാധ്യമായിടത്തെല്ലാം എയർ കണ്ടീഷണർ ഘടിപ്പിക്കും. നിലവിൽ 15 കടകളിൽ ടോക്കൺ മെഷീനും ഉപയോക്താക്കൾക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്.

അടുത്തമാസം അവസാനത്തോടെ ഈ സംവിധാനം 100 കടകളിലേക്കു കൂടി വ്യാപിപ്പിക്കും. മദ്യം പൊതിഞ്ഞു നൽകില്ലെന്നു മാത്രമല്ല, അതിനു കടലാസുപോലും നൽകില്ലെന്ന പരാതിയും അവസാനിക്കും. മദ്യം നൽകാനുള്ള സഞ്ചിക്കുവേണ്ടി ടെൻഡർ വിളിച്ചു. പ്ലാസ്റ്റിക് ഘടകങ്ങളില്ലാത്ത സഞ്ചിയാണു വാങ്ങുന്നത്. ഇതിന്റെ വില ഉപയോക്താവിൽനിന്ന് ഈടാക്കും. കോർപറേഷൻ വാങ്ങുന്ന വിലയ്ക്ക് ഉപയോക്താക്കൾക്കു നൽകുമെന്നു മാനേജിങ് ഡയറക്ടർ എച്ച്.വെങ്കിടേഷ് പറഞ്ഞു.

എല്ലാ കടകളിലും ഡെബിറ്റ്–ക്രെഡി‌‌‌‌റ്റ് കാർഡ് മുഖേനയും പണം ഈടാക്കും. ഇതിനായി പഞ്ചാബ് നാഷനൽ ബാങ്കുമായി ധാരണയിലെത്തി. ഉപയോക്താവിൽനിന്നു കാർഡ് വഴി പണം സ്വീകരിക്കുന്ന കടയുടമയിൽനിന്നു ബാങ്കുകൾ ഫീസ് ഈടാക്കാറുണ്ട്. എന്നാൽ ഫീസ് ഒഴിവാക്കിയാണു പിഎൻബിയുമായുള്ള കോർപറേഷന്റെ കരാർ. എല്ലാ കടകളിലും ക്യാമറ സ്ഥാപിക്കാനും കരാർ ക്ഷണിച്ചു.

ബില്ലു കൊടുക്കാതെ മദ്യം വിൽക്കൽ, അമിത തുക ഈടാക്കൽ, ജീവനക്കാരുടെ പെരുമാറ്റം, കടയുടെ വൃത്തി എന്നിവയെല്ലാം ബവ്റിജസ് കോർപറേഷൻ ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കു നിരീക്ഷിക്കാനാകുന്ന തരത്തിലാണു ക്യാമറ ശൃംഖല തയാറാക്കുന്നത്. മദ്യസംഭരണശാലകൾ ഇപ്പോൾ ക്യാമറാ നിരീക്ഷണത്തിലാണ്. കടകൾക്കുവേണ്ടി സ്ഥലംവാങ്ങി കെട്ടിടം നിർമിക്കാനുള്ള തീരുമാനം കോർപറേഷൻ ഉപേക്ഷിച്ചു. ഭൂമി വിലയും നിർമാണച്ചെലവും വലിയ ബാധ്യതയാകും. വർഷം ശരാശരി 13,000 കോടി രൂപയാണു കോർപറേഷന്റെ വിറ്റുവരവ്.