Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറിലേറെ മലയാളികൾ ഇര

തട്ടിപ്പിന് ഇരയായവർ പരാതി നൽകാൻ കോപ്പർഖൈർണെ പൊലീസ് സ്റ്റേഷനു മുന്നിൽ തട്ടിപ്പിന് ഇരയായവർ പരാതി നൽകാൻ കോപ്പർഖൈർണെ പൊലീസ് സ്റ്റേഷനു മുന്നിൽ

മുംബൈ ∙ വിദേശത്ത് എണ്ണക്കിണറുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു മലയാളികളടക്കം നാനൂറോളംപേരിൽനിന്ന് ഒരുലക്ഷത്തിലേറെ രൂപ വീതം വാങ്ങി കോടികളുടെ തട്ടിപ്പ്. കോപ്പർഖൈർണെ സെക്ടർ പത്തിൽ പ്രവർത്തിക്കുന്ന എക്സ്‌ലൈൻ മറൈൻ ഓഫ്ഷോർ എന്ന സ്ഥാപനമാണു തട്ടിപ്പിനു പിന്നിലെന്നു വഞ്ചിതരായവർ കോപ്പർഖൈർണെ പൊലീസിനു പരാതി നൽകി. പരാതി പൊലീസ് അവഗണിച്ചതോടെ മലയാളി സംഘടനകളുടെയും സമാജം പ്രവർത്തകരുടെയും സഹായത്താൽ നവിമുംബൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു. എല്ലാവരുടെയും പണവും പാസ്പോർട്ടും നഷ്ടപ്പെട്ടു. 

കൂടുതൽ പ്രാദേശിക വാർത്തകൾക്ക് www.chuttuvattom.com 

ഓരോ അപേക്ഷകനിൽനിന്നും ഒരു ലക്ഷം വീതം എന്ന തോതിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരിൽനിന്നായി നാലു കോടിയോളം രൂപ റിക്രൂട്ടിങ് ഏജൻസി തട്ടിയെന്നാണ് ആരോപണം. ജോലി ഉറപ്പാണെന്നും ഉടൻ എത്തണമെന്നും അറിയിപ്പു ലഭിച്ചതിനെത്തുടർന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് അവസാനനിമിഷം വിമാന ടിക്കറ്റെടുത്തു മുംബൈയിലെത്തിയതും ധനനഷ്ടം വരുത്തിവച്ചു. നാലുമാസം മുൻപു മലേഷ്യ, സിംഗപ്പുർ, തായ്‍ലൻഡ് എന്നിവിടങ്ങളിൽ എണ്ണക്കിണറുമായി ബന്ധപ്പെട്ടു ജോലി ഒഴിവുണ്ടെന്നു വിവിധ വെബ്ൈസറ്റുകളിലൂടെ പരസ്യം ചെയ്ത ശേഷമായിരുന്നു തട്ടിപ്പിന്റെ തുടക്കം.

എൻജിനീയർ, ഹെൽപർ തസ്തികകളിലാണ് ഒഴിവുണ്ടെന്ന് അറിയിച്ചിരുന്നത്. ഇതുപ്രകാരം വിളിച്ച് അന്വേഷിച്ചവരോട് നേരിട്ടു പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും മറ്റുമായി എത്താൻ അധികൃതർ അറിയിക്കുകയായിരുന്നു. കോപ്പർഖൈർണയിലെ എക്സ്‌ലൈൻ ഓഫിസിലെ യുവതിയാണ് ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തി യോഗ്യരെ തിരഞ്ഞെടുത്തത്. തുടർന്ന് 30,000 രൂപ ഉടൻ അടയ്ക്കാൻ ആവശ്യപ്പെട്ടു. രണ്ടാംഘട്ടത്തിൽ 60,000 രൂപയും വിദേശ യാത്രയ്ക്ക് സമയമാകുമ്പോൾ 30,000 രൂപയും അടയ്ക്കാനും ആവശ്യപ്പെട്ടു. ഇതിനു പുറമെ 15,000 രൂപ സർട്ടിഫിക്കേഷൻ എന്ന പേരിലും വാങ്ങി. കൃതമായി അറിയിപ്പും ഘട്ടം ഘട്ടമായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലെ കണിശതയും നല്ല പെരുമാറ്റവുമാണ് റിക്രൂട്ടിങ് ഏജൻസിയുടേത്.

ഇതുകാരണം ആദ്യഘട്ടംസംശയം തോന്നിയില്ലെന്നും എന്നാൽ, നടപടികൾ പറഞ്ഞതിലും വൈകാൻ തുടങ്ങിയപ്പോഴാണു തട്ടിപ്പു തിരിച്ചറിഞ്ഞതെന്നും തിരുവല്ലയിൽനിന്നുള്ള ഉദ്യോഗാർഥി പ്രഭു പറഞ്ഞു. അതിനിടെ, കുറച്ച് അപേക്ഷകർ കേരളത്തിൽനിന്നു മുംബൈയിലെ ഓഫിസിലെത്തി അന്വേഷിച്ചപ്പോൾ റിക്രൂട്ടിങ് നടപടികൾ ഏകോപിപ്പിച്ചിരുന്ന അവന്തിക എന്ന യുവതി സ്ഥാപനം ഉടമയാണെന്നു ചൂണ്ടിക്കാട്ടി സാജിദ് ഖാൻ എന്നയാളെ പരിചയപ്പെടുത്തി. 28 ദിവസത്തിനുശേഷം നടപടികൾ പൂർത്തിയാകുമെന്ന് അയാൾ ഉദ്യോഗാർഥികൾക്കു മറുപടി നൽകി. ആ തീയതി ആകുന്നതിനു തൊട്ടുമുൻപ്, കഴിഞ്ഞ ദിവസം എല്ലാം ഓക്കെ ആണെന്നും ഉടൻ മുംബൈയിലെത്തണമെന്നും എക്സ്‌ലൈൻ ഏജൻസി ഉദ്യോഗാർഥികൾക്ക് അറിയിപ്പു നൽകി.

ഇൗ മാസം 26നു വൈകിട്ട് മൂന്നിന് എത്താൻ ഒരു ബാച്ചിനോട് 25നാണ് റിക്രൂട്ടിങ് അധികൃതർ പറഞ്ഞത്. 27, 28 തീയതികളിൽ ജോലിക്കായി പോകേണ്ടവരോട് യഥാക്രമം തലേദിവസമാണ് അറിയിപ്പു നൽകിയത്. ഇതേത്തുടർന്നു പലരും തിരക്കിട്ടു കാര്യങ്ങൾ ഏകോപിപ്പിച്ചും കൂടിയ തുകയ്ക്ക് വിമാന ടിക്കറ്റ് എടുത്തും കോപ്പർഖൈർണയിലെ റിക്രൂട്ടിങ് ഏജൻസി ഓഫിസിലെത്തിയപ്പോഴാണ് ആശയക്കുഴപ്പങ്ങൾ ശ്രദ്ധയിൽപെട്ടത്. അവിടെയുണ്ടായിരുന്ന അവന്തിക എന്ന ജീവനക്കാരി കാര്യങ്ങൾ മാറ്റിപ്പറയുകയും ചെയ്തതോടെ ഉദ്യോഗാർഥികൾക്കു സംശയമായി.

ഉടമയെന്നു പറഞ്ഞ നേരത്തെ പരിചയപ്പെടുത്തിയ സാജിദ് ഖാനെക്കുറിച്ച് അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്നതു സംശയം ബലപ്പെടുത്തി. തുടർന്ന് അവന്തിക ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ആഷ എന്നാണ് അവരുടെ യഥാർഥ പേരെന്നു കണ്ടുപിടിച്ചതോടെ തട്ടിപ്പു സംഘമാണെന്ന് ഉറപ്പാക്കിയെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

ഇതിനിടെ, മൂന്നു ദിവസങ്ങളിലായി മുംബൈയിലെ ഓഫിസിലെത്തുകയും പരിചയപ്പെടുകയും ചെയ്ത ഉദ്യോഗാർഥികളെല്ലാം സംഘടിക്കുകയും വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു കാര്യങ്ങൾ കൈമാറുകയും ചെയ്തപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. ന്യൂബോംബെ കൾച്ചറൽ സെന്റർ ഉൾപ്പെടെ നവിമുംബൈയിലെ വിവിധ മലയാളി കൂട്ടായ്മകൾ ഉദ്യോഗാർഥികൾക്കു നിയമനടപടികൾക്കും താമസത്തിനും ഉൾപ്പെടെയുള്ള സഹായങ്ങൾക്കു രംഗത്തുണ്ട്. 

കൂടുതൽ മുംബൈ വാർത്തകൾക്ക് www.chuttuvattom.com