Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾ മുന്നൂറിൽ താഴെ; സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനത്തിന് ‘വിലക്ക്’

teacher

കൊച്ചി∙ സംസ്ഥാനത്തു മുന്നൂറിൽ താഴെ വിദ്യാർഥികളുള്ള പ്രൈമറി സ്കൂളുകളിൽ സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനം മുടങ്ങി. സ്ഥിരനിയമനം നടക്കാതായിട്ടു 30 വർഷമായെന്നും ഉദ്യോഗാർഥികൾ. ആർട്, മ്യൂസിക്, കായിക, പ്രവൃത്തിപരിചയ അധ്യാപകർക്കാണു നിയമനനിരോധനം. സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തിയെന്നു സ്കൂളുകളും വിദ്യാഭ്യാസ വകുപ്പും സമ്മതിക്കുന്നുമുണ്ട്. 

സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കാൻ കുറഞ്ഞതു 300 വിദ്യാർഥികൾ വേണമെന്ന നിബന്ധനയാണു തടസം നിൽക്കുന്നത്. കേരളത്തിൽ 2514 സ്പെഷലിസ്റ്റ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ 2016–ൽ നിയമിച്ചിരുന്നു. 2017–ൽ കരാർ പുതുക്കി. എന്നാൽ, ഇത്തവണ അനക്കമൊന്നുമില്ല. കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചുവെന്നാണു നിയമസഭയിൽ സർക്കാർ നൽകിയ വിശദീകരണം. പാർട് ടൈം ആയി പരിഗണിക്കാമെന്നും അധിക തുക നൽകുന്നതു പരിഗണിക്കാമെന്നും സർക്കാർ പറയുന്നു. എന്നാൽ ഇതുവരെ നിയമനം നടന്നിട്ടില്ല. 

വിഷയങ്ങളിൽ പാഠപുസ്തകവും എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയുമൊക്കെയുണ്ടെങ്കിലും പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത സ്ഥിതിയാണ്. ഈ പിരീയഡുകളിൽ മറ്റു വിഷയങ്ങളാണ് എടുക്കുന്നത്. സ്പെഷലിസ്റ്റ് അധ്യാപകരില്ലെന്ന കാരണത്താൽ, വിദ്യാർഥികൾ സ്കൂൾ മാറുന്നുമുണ്ട്. പലര്‍ക്കും ഹൈസ്കൂളിലെത്തുമ്പോഴാണ് അധ്യാപകരെ ലഭിക്കുന്നത്. 

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും എല്ലാ വിഷയങ്ങൾക്കും അധ്യാപകരെ നിയമിക്കണമെന്നാണു മുഖ്യമന്ത്രിയുടെ നിർദേശം. ഈ വിഷയങ്ങൾ വേണ്ടത്ര യോഗ്യതയില്ലാത്ത മറ്റ് അധ്യാപകർ പഠിപ്പിക്കുന്നതു കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഉദ്യോഗാർഥികളായ പി.എ.അഷിത, എം.എം.അനീഷ്കുമാർ എന്നിവർ പറഞ്ഞു.