Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബവഴക്ക് പരിഹരിക്കാൻ വിളിപ്പിച്ച ശേഷം പീഡിപ്പിച്ചു; വൈദികനെതിരെ കേസ്

woman-representational-image

കായംകുളം∙ ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും മാനഭംഗത്തിനു പൊലീസ് കേസ്. ആലപ്പുഴ കായംകുളം പൊലീസാണ് ഫാദർ ബിനു ജോർജിനെതിരെ കേസെടുത്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയായ വീട്ടമ്മയുടെ പരാതിയിന്മേലാണു കേസ്. യുവതിയെ തിങ്കളാഴ്ച വൈകിട്ട് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലകെട്ടി പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ ബിനു ജോർജ് കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫിസിൽ പീഡിപ്പിച്ചു എന്നാണു യുവതിയായ വീട്ടമ്മയുടെ പരാതി. 2014ലായിരുന്നു സംഭവം. ഇതിനുശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ടു പരാതി നല്‍കിയിരുന്നു. 

എന്നാൽ വൈദികനെ റാന്നിയിലേക്കു മാറ്റി കേസ് ഒതുക്കിത്തീര്‍ത്തു. ഇതിനുശേഷവും യുവതിയുടെ ഫോണിലേക്കു ഫാദര്‍ ബിനു ജോര്‍ജ് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണു വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം സിഐ അറിയിച്ചു. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കുമ്പസാര രഹസ്യത്തിന്റെ മറവിൽ ഓർത്തോഡോക്സ് വൈദികർ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓർത്തോഡോക്സ് സഭ വൻപ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ സംഭവം വെളിച്ചത്തുവരുന്നത്. ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെയായ മാനഭംഗക്കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലാണ്. പ്രധാനപ്പെട്ടവരുടെ മൊഴിയെടുക്കലടക്കമുള്ള ന‌ടപടികള്‍ പൂര്‍ത്തിയായി. അതേസമയം, ഒരുമിച്ചു താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ ബിൽ നല്‍കിയതു ഭീഷണിമൂലമാണെന്നു യുവതി മൊഴി നല്‍കിയിരുന്നു.

ഓര്‍ത്തഡോക്സ് സഭയിലെ വൈദികരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്സ് കെ.ജോര്‍ജ് എന്നിവര്‍ മാനഭംഗം ചെയ്തെന്നും ജോണ്‍സണ്‍ വി.മാത്യു അപമാനിച്ചെന്നുമാണു കേസ്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജെയ്സ് കെ.ജോര്‍ജുമായി ഒരുമിച്ചു താമസിച്ചശേഷം സ്വന്തമായി ബില്ലടച്ചതു ഭീഷണിയെ തുടര്‍ന്നാണെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്.

വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച പരിഗണിക്കും. പരാതിക്കു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു പ്രതിഭാഗം ആരോപിച്ചിരുന്നു. അതേസമയം മതവിശ്വാസത്തെ പ്രതികൾ ചൂഷണം ചെയ്തുവെന്നു പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതോടെ വൈദികരുടെ അറസ്റ്റ് വീണ്ടും വൈകുമെന്ന് ഉറപ്പായി. മാനഭംഗക്കേസിൽ പ്രതികളായ എബ്രഹാം വർഗീസ്, ജോബ് മാത്യു, ജോൺസൺ വി.മാത്യു, ജെയ്സ് കെ.ജോർജ് എന്നീ ഓർത്തഡോക്സ് സഭാ വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്.