‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ടാണ്’; കത്തിനൊപ്പം മോഷ്ടിച്ച മാലയും തിരികെ!

ആലപ്പുഴ∙ ‘മാപ്പു നൽകുക... നിവർത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല...’ കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റിൽ രാവിലെ കണ്ട കത്തിലെ വരികളാണിത്. ഒപ്പം കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു മോഷണം പോയ ഒന്നരപ്പവൻ മാലയും!

മധുകുമാറിന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സ്വർണം മാപ്പ് എഴുതിവച്ചു മോഷ്ടാവ് സ്വർണം തിരിച്ചു നൽകി. ചൊവ്വാഴ്ച രാത്രി വീട്ടുകാർ ഒരു കല്യാണത്തിനു ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു. തുടർന്ന് ഇന്നലെ മധുകുമാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള എഴുത്തിനൊപ്പം മാലയും വച്ചിട്ടു പോയത്.