Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ദിഖ് പറഞ്ഞു – ഡിജിപീ, താങ്കളുടെ കൈ കെട്ടിയിട്ടുണ്ട്; തന്നെ രാഷ്ട്രീയക്കാര്‍ വിളിക്കാറില്ലെന്ന് മറുപടി

Loknath Behera

കൊച്ചി∙ കേരളത്തിൽ പൊലീസിനും സാധാരണക്കാർക്കുമുള്ള സ്വാതന്ത്ര്യം മനോരമ ന്യൂസ് കോൺക്ലേവ് ചർച്ചയാക്കിയപ്പോൾ അതിൽ സജീവമായി പങ്കെടുത്ത് അംഗങ്ങളും കാഴ്ചക്കാരും. നടി ആക്രമിക്കപ്പെട്ട കേസും വാരാപ്പുഴ കസ്റ്റഡി മരണവും ലിവിങ് ടുഗെദറുമെല്ലാം ചർച്ചയിൽ വിഷയങ്ങളായി. ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ, ഡിജിപി ലോക്‌നാഥ് ബെഹ്റ, നടൻ സിദ്ദിഖ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്. പൊലീസിന്റെ കൈ കെട്ടിയിട്ടുണ്ടോ എന്ന നിർണായക ചർച്ചയിൽ സിദ്ദീഖ് പറഞ്ഞ മറുപടി സദസ്സ് കയ്യടിയോടെയാണു സ്വീകരിച്ചത്.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

‘ഡിജിപീ, താങ്കളുടെ കൈകൾ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയമുണ്ട്. എസ്‌പി എ.വി. ജോർജിന്റെ നിർദേശപ്രകാരമാണു വരാപ്പുഴയിൽ ശ്രീജിത്തിനെ കൊണ്ടുപോയത്. അങ്ങനെയിരിക്കെയാണു ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. എന്തുകൊണ്ടാണ് ജോർജിനെ അറസ്റ്റ് ചെയ്യാത്തത്?’ എന്നതായിരുന്നു ചോദ്യം. ഇക്കാര്യത്തിൽ സമാനമായ അഭിപ്രായവുമായി കെമാൽ പാഷയും രംഗത്തു വന്നു. ‘പ്രശസ്തർ ഉൾപ്പെട്ട കേസുകളിൽ അവരെ പിടികൂടാൻ അറിയാഞ്ഞിട്ടല്ല. പൊലീസ് അന്വേഷണത്തിലെല്ലാം മിടുക്കരാണ്. പക്ഷേ പൊലീസിന്റെ കൈകൾ പലപ്പോഴും കെട്ടിയിട്ട നിലയിലാണ്’ എന്നായിരുന്നു കെമാൽ പാഷയുടെ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്ന് കേരളത്തിലേതാണ്. എന്നാൽ എല്ലാവർക്കും നീതി ലഭ്യമാക്കാൻ പൊലീസിനു സാധിക്കുന്നില്ലെന്നും കെമാൽ പാഷ പറഞ്ഞു.

എന്നാൽ രാഷ്ട്രീക്കാർ ആരും തന്നെ കേസുകളുമായി ബന്ധപ്പെട്ടു വിളിക്കാറു പോലുമില്ലെന്ന് ബെഹ്റ പറഞ്ഞു. സിദ്ദിഖിന്റെ ചോദ്യത്തിനു നേരിട്ടുള്ള മറുപടിയും ഉണ്ടായില്ല. പൊലീസ് നിയമം നടപ്പാക്കാനുള്ള ഏജൻസിയാണ്. അതിനു ചില നടപടിക്രമങ്ങളുണ്ട്. പൊലീസ് കൃത്യമായി അന്വേഷണം നടത്തേണ്ടതുണ്ട്. കേസിൽ ഉൾപ്പെടുന്നവർക്ക് അവരുടെ പക്ഷം വാദിക്കാൻ അവസരം നൽകുന്നുണ്ട്. അതെല്ലാം പ്രതികളാക്കപ്പെട്ടവർക്കു സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമായാണ്. നീതി നടപ്പാക്കാൻ സമയമെടുക്കുമെന്നും ബെഹ്റ പറഞ്ഞു.

കേരളത്തിൽ പകുതിയോളം പേരും പൊലീസ് നടപടികളിൽ തൃപ്തരാണെന്ന് അടുത്തിടെ ഒരു സർവേ വ്യക്തമാക്കിയിരുന്നു. ഏഴു ലക്ഷം കേസുകളാണ് ഒരു വർഷം കേരളത്തിൽ റജിസ്റ്റർ ചെയ്യുന്നത്. ബിഹാർ, യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മൊത്തം പരാതിയോളം വരും ഇത്. കേരള പൊലീസിനു ജോലി ഭാരം കൂടുതലാണ്. ചില നിയന്ത്രണങ്ങളോടെ മാത്രമേ എല്ലാവര്‍ക്കും സ്വാതന്ത്ര്യം സാധ്യമാകൂ. അതിനു വേണ്ടിയാണു നിയമങ്ങൾ. പൊലീസ് അതെങ്ങനെ നടപ്പാക്കുന്നു എന്ന കാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ടെന്നും ബെഹ്റ വ്യക്തമാക്കി.