കാറിൽ നിന്ന് പുകച്ചു പുറത്തു ചാടിച്ച് കവർച്ച; മലയാളിക്ക് നഷ്ടമായത് അരലക്ഷം രൂപ

ന്യൂഡൽഹി∙ കാറിന്റെ ബോണറ്റിൽ രാസവസ്തു എറിഞ്ഞു യാത്രക്കാരെ പുകച്ചുപുറത്തു ചാടിച്ചശേഷം പണവും മറ്റും കൊള്ളയടിച്ചു. ജാമിയ ഹംദർദ് യൂണിവേഴ്സിറ്റി ക്യാംപസിൽ സി301 നമ്പർ ഫ്ലാറ്റിലെ താമസക്കാരനും ഫരീദാബാദിലെ സ്വകാര്യ സ്റ്റീൽ കമ്പനിയിൽ സിഇഒയും മലയാളിയുമായ കുര്യൻ ഏബ്രഹാമാണ് കവർച്ചയ്ക്ക് ഇരയായത്.

ബുധനാഴ്ച രാവിലെ ഒൻപതിനു തുഗ്ലക്കാബാദ് എയർഫോഴ്സ് സ്റ്റേഷനു മുന്നിൽ സിഗ്നൽ കാത്തുകിടക്കുമ്പോഴാണു സംഭവം. കുര്യൻ ഏബ്രഹാമും ഡ്രൈവറുമാണു  കാറിലുണ്ടായിരുന്നത്. ഒട്ടേറെ വാഹനങ്ങളും സമീപത്തുണ്ടായിരുന്നു.

കാറിന്റെ ഇടതുവശത്ത് ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾ മുന്നിലേക്കു ചൂണ്ടിക്കാണിച്ചു വിളിച്ചുപറയുന്നതു കണ്ട് ഡ്രൈവർ പുറത്തിറങ്ങി നോക്കി. ഇതിനിടെ കാറിനുള്ളിൽ പുക നിറഞ്ഞു. പിന്നിൽ ഇടതുവശത്ത് ഇരിക്കുകയായിരുന്ന കുര്യൻ ഏബ്രഹാം കാറിനു തീപിടിച്ചെന്ന സംശയത്തിൽ പുറത്തേക്കിറങ്ങി. പുക കാരണം കുറച്ചുനേരത്തേക്ക് കണ്ണുകാണാൻ കഴിഞ്ഞില്ലെന്നു കുര്യൻ ഏബ്രഹാം പറയുന്നു.

വണ്ടി ഒതുക്കിയിടാൻ ഡ്രൈവർ വീണ്ടും കാറിനുള്ളിലേക്കു കയറിയപ്പോഴാണു പിൻസീറ്റിൽ വലതുവശത്തു വച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടതായി കണ്ടത്. ബൈക്കിലുണ്ടായിരുന്ന യുവാക്കൾ ബദർപുർ ഭാഗത്തേക്ക് ഓടിച്ചുപോവുകയും ചെയ്തു. ഞൊടിയിടയ്ക്കുള്ളിലാണു ബാഗുമായി യുവാക്കൾ കടന്നത്. ബാഗിലുണ്ടായിരുന്ന 50,000 രൂപ, ഐ പാഡ്, ചെക്ക് ബുക്ക്, ഓഫിസിന്റെയും വീടിന്റെയും താക്കോലുകൾ തുടങ്ങിയവയാണു നഷ്ടപ്പെട്ടത്. 

ഉടൻ അറിയിച്ചെങ്കിലും അരമണിക്കൂർ കഴിഞ്ഞാണു പൊലീസ് എത്തിയത്. സംഗംവിഹാർ പൊലീസാണു കേസ് അന്വേഷിക്കുന്നത്. കൂളന്റിൽ രാസവസ്തു കലർത്തി ബലൂണിൽ നിറച്ചശേഷം ബോണറ്റിലേക്ക് എറിഞ്ഞതായാണു സംശയം. ഇത് എസി വലിച്ചെടുത്തതോടെയാണു കാറിനുള്ളിൽ പുക നിറഞ്ഞത്. സ്ഥലത്തു രാവിലെ പത്തരയോടെ മുംബൈ സ്വദേശിയും ഇതേരീതിയിൽ കവർച്ചയ്ക്ക് ഇരയായി. ലാപ്ടോപ്പും 3000 രൂപയുമാണ് നഷ്ടപ്പെട്ടത്.