തീരത്തടിഞ്ഞ കൂറ്റൻ ഡോക്ക് കെട്ടിവലിച്ച ടഗിൽനിന്ന് സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തു

ഡോക്കിൽനിന്നു വേർപെട്ട ടഗ് കൊല്ലം തുറമുഖത്തു എത്തിക്കുന്നു. ചിത്രം: വിഷ്ണു സനൽ.

കൊല്ലം∙ അബുദാബി കമ്പനിയുടെ കൂറ്റൻ ഡോക്കിനെ കെട്ടിവലിച്ചു കൊണ്ടുവരവെ വേർപെട്ടു പോയ ടഗിലെ ജീവനക്കാരിൽനിന്നു ഒരു സാറ്റലൈറ്റ് ഫോൺ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കൊല്ലം തുറമുഖത്ത് ടഗ് എത്തിച്ച ശേഷം കസ്റ്റംസ് സൂപ്രണ്ട് മോഹൻ സി.പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു ഫോൺ കണ്ടുകെട്ടിയത്. കോസ്റ്റൽ ഗാർഡ് ഇതു പരിശോധനയ്ക്കു വിധേയമാക്കും. ഇന്ത്യൻ തീരത്ത് ഉപയോഗിക്കാൻ പാടില്ലാത്തതാണ് ഈ സാറ്റലൈറ്റ് ഫോൺ. ഉപയോഗിച്ചിട്ടില്ലെങ്കിൽ ഫോൺ മടക്കി നൽകും.

ഡോക്കിൽനിന്നു വേർപെട്ട ടഗ് കൊല്ലം തുറമുഖത്തു എത്തിക്കുന്നു. ചിത്രം: വിഷ്ണു സനൽ.

ടഗിൽ ഏഴു ജീവനക്കാരാണുള്ളത്. മറ്റു രണ്ടു ജീവനക്കാർ ഡോക്കിലായിരുന്നു. ഈ ഡോക്ക് ഇന്നലെ അമ്പലപ്പുഴ നീർക്കുന്നതിനു സമീപം കടൽത്തീരത്തടിഞ്ഞിരുന്നു. ഈ ഡോക്കിൽ ആഹാരം, കുടിവെള്ളം, ഇന്ധനം എന്നിവ ഒന്നുമുണ്ടായിരുന്നില്ല.

ആലപ്പുഴ തീരത്തു കണ്ടെത്തിയ ‌കൂറ്റൻ ഡോക്ക്. ചിത്രം: മനോരമ

ഡോക്കിൽനിന്നു വേർപ്പെട്ട ടഗ് പിന്നീട് കൊല്ലം തീരത്ത് ഒഴുകി നടക്കുകയായിരുന്നു. തുറമുഖവകുപ്പിന്റെ ടഗിന്റെ സഹായത്താൽ ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയാണ് ഒഴുകിനടന്ന ടഗ് കൊല്ലത്തെത്തിച്ചത്. തുറമുഖ വകുപ്പിന്റെ എംടി മലബാർ എന്ന ടഗ് ആണു വഴികാട്ടിയായത്. അബുദാബിയിലെ അൽ ഫത്തൻ കമ്പനി വക കൂറ്റ ഡോക്കിനെ (ഫ്ലോട്ടിങ് ഡോക്ക്) വലിച്ചു കൊണ്ടുവരുമ്പോഴാണു ബന്ധിപ്പിച്ചിരുന്ന വടം പൊട്ടി ടഗ് വേർപെട്ടത്.