ബിജെപിയെ വീഴ്ത്താനുള്ള ‘ലാഭസഖ്യം’ വേണ്ട: കോൺഗ്രസിനോട് ബിഎസ്പി

മായാവതി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ ഇപ്പോഴില്ലെങ്കിൽ പിന്നെയെപ്പോൾ എന്നാണു ബിഎസ്പിയുടെ ചോദ്യം. സംസ്ഥാനങ്ങളിൽ കൂട്ടുകൂടാമെന്ന ബിഎസ്പി വാഗ്ദാനം, തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണു കോൺഗ്രസും. ഈ വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഐക്യത്തിൽ നീങ്ങാനാണ് ഇരുപാർട്ടികളുടെയും ധാരണ.

ഈ മൂന്ന് സംസ്ഥാനങ്ങളിലും സഖ്യകക്ഷിയായി മത്സരിക്കാൻ തയാറാണെന്നു കോൺഗ്രസിനോടു ബിഎസ്പി അറിയിച്ചിട്ടുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതിയും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള സൗഹൃദത്തെ തിരഞ്ഞെടുപ്പു സഖ്യമാക്കി വളർത്താനാണു ശ്രമം. കർണാടക മാതൃകയിൽ ബിജെപിയെ അട്ടിമറിക്കാൻ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി കൂട്ടുകൂടാൻ കോൺഗ്രസ് നീക്കം ആരംഭിച്ചിരുന്നു. കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സോണിയയും മായാവതിയും നടത്തിയ കൂടിക്കാഴ്ചയാണ് സഖ്യസാധ്യതകൾക്കു വഴിതുറന്നത്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ദലിത് വോട്ടുകൾ തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമാണ്. ബിഎസ്പിയിലൂടെ ദലിത് വോട്ടുകൾ പരമാവധി സമാഹരിക്കാനാകുമെന്നതാണു സഖ്യത്തിനുള്ള പ്രേരണ. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രമായുള്ള ധാരണയ്ക്കല്ല, തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കുമുള്ള സഖ്യത്തിനാണു ബിഎസ്പിക്കു താൽപര്യം. അല്ലെങ്കിൽ ഒരിടത്തും ധാരണ വേണ്ടെന്ന മായാവതിയുടെ നിലപാട് കോൺഗ്രസിനെ കുഴപ്പിക്കുന്നുണ്ട്.

സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിക്കാതെ, ഹൈക്കമാൻഡ് ഏകപക്ഷീയമായി നിലപാടെടുക്കാവുന്ന വിഷയമല്ലിത്. ബിഎസ്പിയെ കൂടെക്കൂട്ടുന്നതിൽ കോൺഗ്രസിന്റെ രാജസ്ഥാൻ ഘടകത്തിന് വലിയ താൽപര്യമില്ല. എന്നാൽ, ദലിത് വോട്ടുകളുടെ സമാഹരണം പാർട്ടിയെ തുണയ്ക്കുമെന്നാണു മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും കോൺഗ്രസുകാർ പറയുന്നത്. മാത്രമല്ല, തുടർച്ചയായി 15 വർഷം ഇരു സംസ്ഥാനങ്ങളിലും ബിജെപി ഭരണമാണ്. ബിജെപിയെ അട്ടിമറിക്കുകയെന്നതാണ് ഇവരുടെ മുഖ്യ അജൻഡ.

മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും പോലെ രാജസ്ഥാനിൽ ബിഎസ്പി ആവശ്യപ്പെടുന്ന സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറാകില്ലെന്നാണു പാർട്ടിവൃത്തങ്ങൾ പറയുന്നത്. രാജ്യതാൽപര്യം കണക്കിലെടുത്തുള്ള വിശാല സഖ്യമാണെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാൽ രാജസ്ഥാനിലും അംഗീകരിക്കുമെന്നു മുതിർന്ന് നേതാവ് പറഞ്ഞു.