എയർ ഹോസ്റ്റസിന്റെ മരണം: ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി∙ വിമാന കമ്പനി ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ പഞ്ചശീൽ പാർക്കിലെ താമസസ്ഥലത്തിനു മുകളിൽനിന്നു ചാടിയാണു ലുഫ്താൻസ ഏയർലൈൻസിൽ ജോലി ചെയ്തിരുന്ന അനീസ്യ ബത്ര (39) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടാണു ഭർത്താവ് മായക് സിങ്‌വിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും മാതാപിതാക്കളും യുവതിയെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. 

മകളുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ അനീസ്യയുടെ പിതാവ് റിട്ട. മേജർ ജനറൽ ആർ.എസ്. ബത്ര ഏതാനും ദിവസം മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുത്തിരുന്നില്ല. വെള്ളിയാഴ്ചയാണു കെട്ടിടത്തിനു മുകളിൽനിന്ന് അനീസ്യ ചാടിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണു ജീവൻ വെടിഞ്ഞത്. 

മായക്കിന്റെ ബിഎംഡബ്ല്യു കാർ, അനീസ്യയുടെ വജ്ര മോതിരം, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് ഇരുവരും വിവാഹം ചെയ്തത്. ടെറസിൽനിന്നു ചാടുന്നതിനു മുൻപു അനീസ്യ തനിക്കു സന്ദേശം അയച്ചിരുന്നുവെന്നു സഹോദരൻ കരൺ ബത്ര പറയുന്നു. മായക് തന്നെ മുറിയിൽ പൂട്ടിയിരിക്കുകയാണെന്നും പൊലീസിനെ വിളിക്കാനുമായിരുന്നു സന്ദേശം. മദ്യപനായ മായക് പണത്തിനു വേണ്ടി അനീസ്യയെ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

മായക്കിന്റെ മാതാപിതാക്കളും അനീസ്യയെ പീഡിപ്പിച്ചിരുന്നതായി എഫ്‌ഐആറിലുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അനീസ്യ അടുത്തിടെ ഒരു ഫ്ലാറ്റ് വിറ്റതുമായി ബന്ധപ്പെട്ടു ഭര്‍ത്താവുമായി വഴക്കുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഫ്ലാറ്റ് വിറ്റുകിട്ടിയ 1.2 കോടി രൂപ അനീസ്യയുടെ അക്കൗണ്ടിലായിരുന്നു. ഈ പണം ആവശ്യപ്പെട്ടു മായക് നിരന്തരം അവരെ പീഡിപ്പിച്ചിരുന്നതായി അനീസ്യയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പൊലീസ് നടപടികളില്‍ അനീസ്യയുടെ മാതാപിതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.