Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാൾ പൊലീസ് പിടിയിൽ

Abhimanyu അഭിമന്യൂ വധക്കേസിലെ ഒന്നാം പ്രതി മുഹമ്മദിനെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നു വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകുന്നു. മറ്റൊരു പ്രതിയായ നജീബാണ് പിന്നിൽ. ചിത്രം: ടോണി ഡൊമിനിക്

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിനു ശേഷം രക്ഷപ്പെടാൻ പ്രതികളെ സഹായിച്ച തലശേരി സ്വദേശി ഷാജഹാനാണു പിടിയിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ് രാവിലെ പിടിയിലായിരുന്നു.

ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ അറബിക് വിദ്യാർഥിയുമാണ് ഇയാൾ. പുലർച്ചെ കാസർകോട് – മംഗലാപുരം അതിർത്തിയിൽനിന്നാണ് മുഹമ്മദ് പിടിയിലായത്. കൊലപാതകത്തിനു ശേഷം ബെംഗളൂരുവിലായിരുന്ന മുഹമ്മദിന്റെ ഫോൺ കോളുകൾ പിന്തുടർന്നാണു കർണാടക അതിർത്തിയിൽ നിന്നു പിടികൂടിയത്. അരൂക്കുറ്റി സ്വദേശിയാണിയാൾ. 

കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം.