Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം: പി.ടി.തോമസ്

നിഖിൽ സ്കറിയ കോര

മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്നും ഭരണപക്ഷത്തെ ഒരു എംഎൽഎയുടെ ഭാര്യ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ചും പ്രതികളുടെ എസ്എഫ്ഐ ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കണമെന്നും പി.ടി. തോമസ് എംഎൽഎ. മനോരമ ഓൺലൈന്റെ പ്രത്യേക അഭിമുഖ പരമ്പരയായ ‘മറുപുറ’ത്തിലാണ് പി.ടി.തോമസിന്റെ ഈ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിനു പിന്നിൽ ശക്തരായ ആളുകളുണ്ടെന്ന് പറഞ്ഞ പി.ടി. തോമസ് കോൺഗ്രസ് പാർട്ടിയിലേക്ക് യുവാക്കൾ കടന്നു വരണമോ എന്ന ചോദ്യത്തിന് യുവത്വം എന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ കണക്കു കൂട്ടേണ്ട ഒന്നല്ല എന്നാണ് പറഞ്ഞത്. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

25 സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിന് ഇന്ന് അഞ്ചു സംസ്ഥാനങ്ങളിൽ പോലും അധികാരമില്ല. കേരളത്തിലെ കോൺഗ്രസ്സിന്റെ പോക്ക് എങ്ങോട്ടാണ്?

കോൺഗ്രസ് തകർച്ചയിലേക്കാണ് പോകുന്നതെന്ന അഭിപ്രായം എനിക്കില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് വലിയ പരാജയം ഉണ്ടായിരിക്കുന്നത്. പിണറായി സർക്കാർ പ്രീണനനയമാണ് സ്വീകരിക്കുന്നത്. അതിനെ അതിജീവിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ കോൺഗ്രസിന് ശക്തമായി തിരിച്ചു വരാം.

വി.എം.സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ താൽക്കാലികമായാണ് എം.എം.ഹസ്സൻ ആ സ്ഥാനത്തേക്ക് എത്തിയത്. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും ഒരു സ്ഥിരം അധ്യക്ഷനെ നിയമിക്കാൻ കേരള നേതൃത്വത്തിനോ കേന്ദ്രനേതൃത്വത്തിനോ സാധിക്കാത്തത് എന്തു കൊണ്ടാണ്?

താൽക്കാലികമായാണ് എം.എം. ഹസ്സന് ആ ചുമതല കൊടുത്തതെങ്കിലും പിന്നീട് അദ്ദേഹത്തെ സ്ഥിരപ്പെടുത്തിയതായാണ് ഞാൻ മനസ്സിലാക്കുന്നത്. എം.എം. ഹസ്സൻ വളരെ ചെറുപ്പത്തിൽ തന്നെ സംഘടനയിൽ സജീവമായ ആളാണ്. പക്ഷെ എന്തു കൊണ്ടോ അദ്ദേഹം പ്രസിഡന്റായപ്പോൾ പലയിടത്തു നിന്നും വിമർശനങ്ങളുണ്ടായി. അദ്ദേഹം ദുർബലനാണെന്ന പ്രചാരണമുണ്ടായി. അദ്ദേഹം പ്രസിഡന്റായ ശേഷം നടന്ന ഫണ്ട് ശേഖരണപരിപാടിയുടെ സമയത്ത് അദ്ദേഹത്തെ ഇന്നു മാറ്റും നാളെ മാറ്റും എന്ന‌ പറച്ചിലുണ്ടായി. പക്ഷെ അതു ശരിയല്ല.

pt-thomas

കോൺഗ്രസ് പാർട്ടിയിലെ തന്നെ യുവ നേതാക്കന്മാരും എംഎൽഎമാരും പാർ‌ട്ടി നേതൃത്വത്തിലേക്ക് യുവാക്കളെ കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അടുത്തിടെയുണ്ടായ രാജ്യസഭാ സീറ്റ് വിവാദത്തിന്റെ സമയത്ത് പോലും ഇത്തരത്തിൽ ഒരാവശ്യം ഉന്നയിക്കപ്പെട്ടിരുന്നു?

പതിനാറ് വയസ്സുള്ള അറുപതുകാരും അറുപതു വയസ്സുള്ള പതിനാറുകാരും ഉണ്ടെന്നല്ലേ? യുവത്വം എന്നത് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ കണക്കാക്കേണ്ട ഒന്നല്ല. എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് കാര്യം. വിഷയത്തോടുള്ള സമീപനമാണ് നോക്കേണ്ടത്. ആളുകളെ ചലിപ്പിക്കാൻ കഴിയണം, വേഗം തീരുമാനങ്ങളെടുക്കാൻ സാധിക്കണം. അതിലൊക്കെയാണ് കാര്യം.

ഇക്കാര്യങ്ങൾ എത്രത്തോളം ഇൗ യുവാക്കളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്? പല യുവനേതാക്കളും മുതിർന്ന നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നില്ലേ?

കോൺഗ്രസ് പാർട്ടിയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. യുവജനങ്ങളായ ആളുകൾ പല വ്യത്യസ്തമായ അഭിപ്രായങ്ങളും പാർട്ടി നേതൃത്വത്തെക്കുറിച്ച് പറയാറുണ്ട്. വി.ടി.ബൽറാമൊക്കെ വളരെ പ്രതീക്ഷയുള്ള നേതാക്കളാണ്. അവരെ ഒന്നും നിസാരരാക്കി കാണുന്നില്ല. അവരൊക്കെ കുറച്ചു കൂടി കഠിനാധ്വാനം നടത്തണം. വിഷയത്തിലധിഷ്ഠിതമായി പ്രവർത്തിക്കണം. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള യുവ എംഎൽഎമാരെ വച്ചു നോക്കുമ്പോൾ കോൺഗ്രസ്സിലെ യുവാക്കളായ എംഎൽഎമാരുടെ പ്രവർത്തനം വളരെ മികച്ചതാണ്.

യുവാക്കൾ വരണമെന്ന് വാശി പിടിക്കുന്നതിൽ കാര്യമില്ല എന്നാണോ പറയുന്നത്?

അങ്ങനെയല്ല. അവർ കുറച്ചു കൂടി സ്ഥിരതയോടു കൂടിയ പ്രവർത്തനങ്ങൾ നടത്തണം. ഉപരിപ്ലവമായ പ്രവർത്തനങ്ങളെക്കാൾ ആഴത്തിലുള്ള പ്രവർത്തനം നടത്തണം. നേതൃത്വം എന്നത് പിടിച്ചു വാങ്ങേണ്ട ഒന്നല്ല. നല്ല പ്രവർത്തനം കാഴ്ച വച്ചാൽ സ്ഥാനങ്ങൾ നമ്മെ തേടി വരും.

കെ.എം. മാണിയുടെ പാർട്ടിക്ക് രാജ്യസഭാ സീറ്റ് നൽ‌കിയത് പി.ടി. തോമസിന്റെ അഭിപ്രായത്തിൽ ശരിയാണോ?

കെ.എം. മാണിയുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തിൽ ചില പാകപ്പിഴകളുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ബോധ്യപ്പെടുത്തി ഈ തീരുമാനം എടുക്കാമായിരുന്നു. കെ.എം. മാണി മുന്നണി വിട്ടു പോയതിന് ഒരു ന്യായീകരണവുമില്ല. മുന്നണിയിലില്ലാത്ത ഒരാൾക്ക് സീറ്റ് കൊടുത്ത് മടക്കി കൊണ്ടു വരേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആലോചിക്കേണ്ടതായിരുന്നു. ക്ഷണികമായ താൽപര്യങ്ങൾക്കപ്പുറം ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്രയം പ്രശ്നങ്ങളുണ്ടാവില്ലായിരുന്നു. പാർട്ടിക്കുള്ളിൽ ഒരു ചർച്ചയും നടത്താതെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസ്സനും ചേർന്നെടുത്ത തീരുമാനം ശരിയായില്ല.

കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റിൽ കെ.എം. മാണിയുടെ പാർട്ടി മത്സരിപ്പിച്ചത് ലോക്സഭാ എം.പി. ആയ ജോസ് കെ. മാണിയെയാണ്. ഇതും ശരിയല്ലെന്ന് തോന്നുന്നുണ്ടോ?

ലോക്സഭാ അംഗമായ ഒരാൾ കാലാവധി തീരും മുമ്പ് രാജ്യസഭാ അംഗമായി ചുമതലയേറ്റ നടപടി രാഷ്ട്രീയപരമായി ഒരു ഔന്നത്യവും പ്രകടമാക്കാത്ത ഒന്നാണ്. അക്കാര്യത്തിൽ സംശയമില്ല. കുറച്ചു കൂടി നല്ല രീതിയിൽ ഇതൊക്കെ ചെയ്യാമായിരുന്നു. കെ.എം. മാണിയുടെ പിടിയിൽ ഒതുങ്ങി നിൽക്കുന്ന പാർട്ടിയാണ് അദ്ദേഹത്തിന്റേത്. മാണി വിചാരിക്കുന്ന ആളെ ഏതു സ്ഥാനത്തേക്കു കൊണ്ടു വരാനും അദ്ദേഹത്തിന് സാധിക്കും. അതിന് ഈ വളഞ്ഞ വഴി സ്വീകരിക്കണമായിരുന്നോ എന്നേ എനിക്ക് ചോദിക്കാനുള്ളൂ.

ഒരു കാലത്ത് പി.ടി. തോമസ് എ ഗ്രൂപ്പിലെ ശക്തനായ നേതാവായിരുന്നു. എന്നാൽ ഇപ്പോൾ താങ്കൾ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതനായാണ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് പാർട്ടിയെ തളർത്തും എന്ന തിരിച്ചറിവാണോ ഇതിനു പിന്നിൽ?

കേരളത്തിലെ കോൺഗ്രസ്സിന് ഗ്രൂപ്പ് രാഷ്ട്രീയം മൂലം അപകടമുണ്ടായി എന്നു വിശ്വസിക്കുന്നയാളല്ല ഞാൻ. പക്ഷെ ഒരു പരിധി വിട്ടുള്ള ഗ്രൂപ്പ് രാഷ്ട്രീയം ചില പോരായ്മകൾ ഉണ്ടാക്കിയിട്ടുമുണ്ട്. ഗ്രൂപ്പ് ഒരു യാഥാർഥ്യമായി തന്നെ നിലനിൽക്കുകയാണ്. കാരണം വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർ എന്നും ഈ പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. ശരിയായ നിലപാടെടുക്കുന്നത് ആരാണോ അവർക്കൊപ്പം നിൽക്കാനാണ് ഞാൻ ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം. ഒരു ഗ്രൂപ്പിൽ നിന്നും മാറി നിൽക്കുന്നെന്നോ മറ്റൊരു ഗ്രൂപ്പിലാണെന്നോ അല്ല അതിനർഥം. കേരളത്തിലെ നേതാക്കളും ഗ്രൂപ്പിനതീതമായി കാര്യങ്ങളെ കാണണമെന്നാണ് എന്റെ നിലപാട്.

പക്ഷെ ഇപ്പോൾ പദവികൾ പോലം പങ്കു വയ്ക്കപ്പെടുന്നത് ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലല്ലേ ? കെപിസിസി പ്രസിഡന്റ് സ്ഥാനം പോലും തീരുമാനിക്കാനാവാത്തതും ഇതേ കാരണം മൂലമല്ലേ?

എല്ലാം ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ പങ്കു വയ്ക്കുമ്പോൾ അതിന്റെ ഗുണനിലവാരം കുറഞ്ഞു പോകുമെന്നതിൽ സംശയമില്ല. പക്ഷെ വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ ഉയരുന്നത് നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. എല്ലാം ഒരേ നേതാവിൽ കേന്ദ്രീകരിക്കുന്നത് ശരിയല്ല. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവണം ഒപ്പം പൊതുവായ കാര്യങ്ങളിൽ കോൺഗ്രസിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കണം.

വി.എം. സുധീരൻ ഗ്രൂപ്പ് രാഷ്ട്രീയത്തിന് എതിരായി പ്രത്യക്ഷത്തിൽ നിലപാടെടുത്തയാളാണ്. പക്ഷെ രണ്ടു ഗ്രൂപ്പുകളും സുധീരനെ വളഞ്ഞിട്ടാക്രമിക്കുകയാണ് ഇപ്പോൾ. അദ്ദേഹം ശരിക്കും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയല്ലേ ? അദ്ദേഹത്തിന്റെ നിലപാടുകളോട് താങ്കൾ യോജിക്കുന്നുണ്ടോ?

സുധീരന്റെ എല്ലാ നിലപാടുകളോടും എനിക്ക് യോജിപ്പില്ല. മദ്യനിരോധനമെന്ന അദ്ദേഹത്തിന്റെ നിലപാടിനോട് ഒരിക്കലും യോജിപ്പില്ലാത്തയാളാണ് ഞാൻ. യുഡിഎഫ് സർക്കാർ ബാറുകൾ‌ നിരോധിച്ച നടപടിയെ അന്നും ഇന്നും എതിർക്കുന്നയാളാണ് ഞാൻ. അതൊരു തെറ്റായ നടപടിയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എൽഫിഎഫ് സർക്കാർ വന്നു ബാറുകൾ തുറന്നു. അന്ന് യുഡിഎഫിനെ ഭയപ്പെടുത്തിയവരാരും ഒരക്ഷരം മിണ്ടുന്നില്ല. എന്നാൽ സുധീരന്റെ ചില നിലപാടുകളോട് എനിക്ക് യോജിപ്പുമുണ്ട്. കെപിസിസി പ്രസിഡന്റായ കാലത്ത് അദ്ദേഹം പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് കേരളത്തിന്റെ രാഷ്ട്രീയത്തിൽ വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ സുതാര്യനിലപാടും പൊതുസ്വീകാര്യതയും വലുതാണ്.

മഹാരാജാസ് കോളജിൽ അഭിമന്യു എന്നൊരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടു. ചില തീവ്രവാദ സംഘടനകളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിട്ടും ആ കൊലപാതകത്തെ അപലപിക്കാനോ ഈ സംഘടനകളെ തള്ളിപ്പറയാനോ പ്രതിപക്ഷ നേതാവുൾപ്പടെയുള്ള ഒരു കോൺഗ്രസ് നേതാവും മുതിർന്നിട്ടില്ല. എന്തു കൊണ്ടാണ് ഈയൊരു മൃദുസമീപനം?

ആ പറഞ്ഞത് പൂർണമായും തെറ്റാണ്. കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും അതിനെ അപലപിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല സ്ഥലത്തില്ലായിരുന്നതിനാലാണ് അദ്ദേഹം അതെക്കുറിച്ച് പ്രതികരിക്കാഞ്ഞത്. ബാക്കി എല്ലാ നേതാക്കളും പ്രത്യേകിച്ച് എറണാകുളം ജില്ലയിലെ നേതാക്കൾ അഭിമന്യുവിന് അന്തിമോപചാരമർപ്പിച്ചു. എൻഡിഎഫ്, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി കേരളത്തിൽ ഒരു സഖ്യമോ ധാരണയോ ഉണ്ടാക്കാത്ത പാർട്ടി കോൺഗ്രസ് മാത്രമാണ്. അഭിമന്യു കൊല്ലപ്പെട്ടതിനു പിറ്റേന്നാണ് തിരുവനന്തപുരത്ത് വെമ്പായം പഞ്ചായത്തിൽ ഒരു എസ്ഡിപിഐ മെമ്പറുടെ സഹായത്തോടെ സിപിഎം ഭരണം പിടിച്ചെടുത്തത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ എന്നാൽ സജി ചെറിയാനായിരുന്നു. ഈ സംഘടനകളുമായി ഒരു ബന്ധവുമില്ലാത്ത പാർട്ടി കോൺഗ്രസാണ്. ഇവരുമായി ഒരുപാട് സഖ്യമുണ്ടാക്കിയ പാർട്ടിയാണ് സിപിഎം. മദനിയുമായി ഇവർ വേദി പങ്കിട്ടതൊക്കെ ആർക്കാണ് അറിഞ്ഞു കൂടാത്തത്. ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിച്ച സിപിഎമ്മിന്റെ അണികൾ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം സിപിഎം തന്നെയാണ്.

ഇപ്പോൾ തന്നെ ആ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് ഒരു എംഎൽഎയുടെ ഭാര്യ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പ്രധാന പ്രതികളെന്നു സംശയിക്കുന്ന രണ്ടു കുട്ടികൾ എസ്എഫ്ഐയുടെ കൊടിപിടിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നതിനെക്കുറിച്ച് ഇവർ എന്താണ് പ്രതികരിക്കാത്തത്. അഭിമന്യു വീട്ടിൽ പോയപ്പോൾ ആ കുട്ടിയെ നിരന്തരമായി വിളിച്ചതാരാണെന്നു കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ലല്ലോ. ആ കുട്ടിയുടെ ഫോൺ പരിശോധിച്ചാൽ മാത്രം മതി. എംഎൽഎയുടെ ഭാര്യ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. കാരണം മഹാരാജാസിൽ മറ്റ് വിദ്യാർഥി സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാതെ അതിനെ ഏക പാർട്ടി ക്യാമ്പസാക്കി മാറ്റിയത് എസ്എഫ്ഐയാണ്.

മഹാരാജാസ് കോളജിന്റെ ഹോസ്റ്റൽ മുഴുവൻ സാമൂഹികവിരുദ്ധരാണ്. കോളജിന്റെ യൂണിയൻ ഓഫിസ് മുഴുവൻ ആയുധങ്ങളാണ്. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘടനകളെ അടിച്ചമർത്തണമെന്ന് തന്നെയാണ് എന്റെ നിലപാട്.

ഈ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് തന്നെയാണോ താങ്കളുടെ നിലപാട്?

ഉണ്ട്. എംഎൽഎയുടെ ഭാര്യതന്നെയല്ലേ അത് പറഞ്ഞിരിക്കുന്നത്. ഈ പ്രതികൾ എറണാകുളത്ത് വന്നത് ആരുടെ സംരക്ഷണയിലാണ് എന്നാണ് അവർ ചോദിക്കുന്നത്. അതിന് വലിയ അർഥങ്ങളാണുള്ളത്. എറണാകുളം പട്ടണത്തിന്റെ നടുവിൽ നടന്നൊരു കൊലപാതകത്തിലെ പ്രതികൾ എങ്ങനെയാണ് ഇത്രയെളുപ്പത്തിൽ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ആ കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകൾ ഏതു ഫോണിൽ നിന്നു പോയതാണെന്ന് പൊലീസ് പറയണം. ‌‌എന്തോ ഒന്ന് ഇതിന്റെയുള്ളിൽ ചീഞ്ഞു നാറുന്നുണ്ടെന്നത് വാസ്തവമാണ്. എസ്എഫ്ഐ നേതാക്കൾ വർഗീയതയ്ക്കെതിരെ പോരാട്ടം നടത്തുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ ‌ഞങ്ങളു‍ടെ സഖാവിനെ കൊന്ന ഇത്തരം സംഘടനകളുമായി ഒരു ബന്ധവും ഞങ്ങളുടെ മാതൃപ്രസ്ഥാനമായ സിപിഎം സ്വീകരിക്കരുത് എന്നു പറയാൻ എസ്എഫ്ഐ നേതാക്കൾക്ക് തന്റേടമുണ്ടോ ?

നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടം മുതൽ ഒപ്പമുണ്ടായിരുന്നയാളാണ് താങ്കൾ. ഈ കേസിന്റെ ഭാവി എന്താകും? പൊലീസ് അന്വേഷണത്തിൽ തൃപ്തനാണോ?

ഈ കേസിലെ പ്രതി ഇന്നയാളാണ് എന്ന് ഞാൻ പറയില്ല. പക്ഷെ ഇതിലെ പ്രതി ഒരിക്കലും രക്ഷപെട്ടു പോകാൻ പാടില്ല. ആരായാലും പിടിക്കപ്പെടണം. കേസ് കോടതിയിലാതിനാൽ‌ കൂടുതൽ അതിനെക്കുറിച്ച് പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ്. നിയമത്തെ ഭയമില്ലാതെ പണത്തിന്റെ സ്വാധീനം കൊണ്ട് എന്തുമാകാം എന്ന ധിക്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് ചെയ്തിട്ടുള്ള കാര്യമാണ്.

ഇക്കാര്യത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാട് ശരിയാണോ?

പീഡിപ്പിക്കപ്പെട്ട നടിയോടൊപ്പമല്ല ആ താരസംഘടനയിലെ മഹാഭൂരിപക്ഷം വരുന്നയാളുകൾ എന്നു സൂചിപ്പിക്കുന്നതാണ് അമ്മയുടെ നടപടികൾ. സംഭവം നടന്നതിന്റെ അടുത്ത ദിവസം ഡർബാർ ഹാളിൽ ഈ താരങ്ങളൊക്കെ വന്ന വലിയ വിഷമപ്രകടനങ്ങളൊക്കെ നടത്തിയിരുന്നു. അതൊന്നും അഭിനയമല്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ പിന്നീടുള്ള സംഭവങ്ങൾ കണ്ടപ്പോൾ അതൊക്കെ വെറും അഭിനയമായിരുന്നു എന്ന് മനസ്സിലായി. നൂറു ശതമാനം ആ പെൺകുട്ടിയുടെ കൂടെ നിൽക്കേണ്ട സംഘടന അങ്ങനെ നിന്നോ എന്ന കാര്യം ആ സംഘടനയെ ന്യായീകരിക്കുന്ന ഒാരോരുത്തരും ചിന്തിക്കണം.