Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനികരെ ഉപയോഗിച്ചു കടൽമണൽക്കടത്ത്: സിബിഐ അന്വേഷിക്കണമെന്ന് വിമുക്തഭടന്മാർ

Sea-Sand-Mining-Kannur കണ്ണൂരിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന മണൽക്കടത്ത്.

കണ്ണൂർ∙ പ്രതിരോധ സുരക്ഷാ സേന നടത്തിയ കടൽ മണൽക്കൊള്ള സിബിഐ അന്വേഷിക്കണമെന്നു വിമുക്തഭടന്മാരുടെ വിവിധ സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു. ജവാന്മാരെ ഉപയോഗിച്ചുള്ള മണൽക്കടത്ത് നാടറിഞ്ഞിട്ടും മേധാവികൾ ഉറക്കം നടിക്കുകയാണെന്ന് നാഷനൽ എക്സ് സർവീസ് കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വിജയൻ പാറാലി കുറ്റപ്പെടുത്തി.

മണൽക്കൊള്ളയ്ക്കു നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി സംരക്ഷിക്കാനുള്ള നീക്കം വിമുക്തഭടന്മാരുടെ സംഘടനകൾ കൂട്ടായി എതിർക്കുമെന്ന് ജില്ലാ സെക്രട്ടറി പി.സുകുമാരൻ, എക്സ് സർവീസ്മെൻ ഓണററി ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.ദിനേശൻ, ഓൾ കേരള എക്സ് സർവീസ്മെൻ സെക്യൂരിറ്റി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.രാധാകൃഷ്ണൻ, പൂർവസൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.ആർ.രാജൻ‍ എന്നിവർ പറഞ്ഞു.

സൈനികർക്കും മുൻസൈനികർക്കും അപമാനമുണ്ടാക്കിയ ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണം. ഡിഎസ്‌സി സെന്ററിലെ തെറ്റായ പ്രവണതകൾക്കെതിരെ പരാതി നൽകിയ സുബേദാർ മേജർ ദിനകരനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുളള്ള ശ്രമം അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

മണൽക്കൊള്ളയിലൂടെ കടത്തിയ മണലിന്റെ ലക്ഷ്യസ്ഥാനം കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വിമുക്തഭട സംഘടനകളുടെ നേതൃത്വത്തിൽ പ്രതിരോധമന്ത്രി, കരസേനാ മേധാവി ബിപിൻ റാവത്ത്, ദക്ഷിണമേഖലാ കമൻഡാന്റ് തുടങ്ങിയവർക്കു പരാതി അയച്ചു.