ഗൗരി ലങ്കേഷ് വധം: കൊലയാളിക്കു തോക്കു കൈമാറിയെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍

ഗൗരി ലങ്കേഷ്

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളിക്കു തോക്കു കൈമാറിയെന്നു സംശയിക്കുന്ന മോഹന്‍ നായിക്ക് എന്ന യുവാവിനെയാണ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ദക്ഷിണ കന്നഡ-കുടക് അതിര്‍ത്തിയിലെ സുള്ളിയയ്ക്കു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 

നേരത്തേ അറസ്റ്റിലായ പ്രധാനപ്രതി പരുശുറാം വാഗ്‌മോറിനെ സിന്ദഗിയില്‍നിന്നു ബൈക്കില്‍ കൊണ്ടുവന്നതും തോക്കു കൈമാറിയതും മോഹനാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണു രാജേശ്വരി നഗറിലെ സ്വവസതിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ അക്രമികള്‍ വെടിവച്ചു വീഴ്ത്തിയത്. കൊലയ്ക്കുപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ട കേസിലും മോഹനെ പിടികൂടിയിരുന്നെങ്കിലും പിന്നീടു വിട്ടയച്ചിരുന്നു.